കോഴഞ്ചേരി: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി.
ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
പുല്ലാട് കടപ്ര സ്വദേശിയായ യുവാവ് നല്കിയ പുനര്‍വിവാഹ പരസ്യം കണ്ട്, 2020 മേയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച ആര്യ, തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തുവെന്നാണ് കേസ്.
22, 180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്കി.
കോയിപ്രം എസ്ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിനൊടുവിലാണ് ആര്യയെ അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണത്തില്‍ ആര്യ പറഞ്ഞിട്ടുള്ള വിവരങ്ങളെല്ലാം കളവാണെന്നു വ്യക്തമായി. പണം തട്ടിയെടുക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയുന്നു.