കൊച്ചി: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം കഴിച്ച സംഭവത്തില്‍ അറസറ്റിലായ തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കെ. വൈശാഖിന്റെ അമ്മയേയും സഹോദരനെയും കേസില്‍ പ്രതിചേര്‍ത്തു.
വൈശാഖിന്റെ രണ്ടാം വിവാഹം മാതാവിന്റെയും സഹോദരന്റെയും അറിവോടെയാണ് നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇവരെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. വൈശാഖിന്റെ സഹോദരന് ഇപ്പോള്‍ വിദേശത്താണ്. അതിനിടെ പ്രതി സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് കഴിഞ്ഞദിവസം മുളവുകാട് പോലീസ് വൈശാഖിനെ പിടികൂടിയത്. ബിടെക്ക് പാസാകാത്ത പ്രതി ബംഗളൂരുവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേര്‍ന്ന ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ബീഹാര്‍ സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു.
ബീഹാറില്‍ വച്ചായിരുന്നു വിവാഹം. ഈ വിവാഹം നിലനില്‍ക്കെ പിന്നീട് കേരളത്തിലെത്തിയ പ്രതി കേരളാമാട്രിമോണി വഴി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു.
20 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലിയുണ്ടെന്നും ഐഐടി ചെന്നൈയില്‍ ഓണ്‍ലൈന്‍ ആയി പഠിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയെയും ബന്ധുക്കളെയും ധരിപ്പിച്ചത്.
വിവാഹശേഷം സ്വര്‍ണവും പണവും കൂടുതല്‍ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കളുടെ അന്വേഷണത്തില്‍ പ്രതി ബിടെക്ക് പാസായിട്ടിലില്ലെന്നും, ഇയാള്‍ക്ക് ജോലി ഇല്ലെന്നും കണ്ടെത്തി. ഇതോടെ പോലീസ് പരാതിപ്പെടുകയായിരുന്നു.