പഴയന്നൂർ: വിവാഹപരസ്യം നല്കി തട്ടിപ്പുനടത്തിയ തിരുവനന്തപുരം ചെന്പഴന്തി പങ്കജം നിവാസിൽ വിഷ്ണു(25)വിനെ ചേലക്കര സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു
യുവതിയുടെ സഹോദരൻ എന്ന വ്യാജേന വിവാഹപരസ്യം നൽകുകയും ഫോണിൽ ബന്ധപ്പെടുന്നവരെ സുന്ദരിയായ യുവതിയുടെ ഫോട്ടോ കാണിച്ചു വലയിൽ വീഴ്ത്തുകയുമായിരുന്നു പതിവ്. പിന്നീട് വിവാഹക്കാര്യങ്ങളുമായി മുന്നോട്ടുപോകും.
ഇതിനിടയിൽ സഹോദരിക്ക് അപകടം സംഭവിച്ചെന്നും ആശുപത്രിചെലവിനു വൻ തുക വേണമെന്നും അറിയിക്കും. സുന്ദരിയെ വിവാഹം കഴിക്കാൻ തയാറായി നിൽക്കുന്ന യുവാക്കൾ ആവശ്യപ്പെടുന്ന പണം ഇയാൾക്ക് അയച്ചുകൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ്.
ഇങ്ങനെ കടുങ്ങി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിന്റെ പരാതിയെതുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ഫോണിൽനിന്ന് ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരുടെ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.