സ്വന്തം ലേഖകൻ
തൃശൂർ: നാടൊട്ടുക്ക് ചുറ്റിക്കറങ്ങിയുള്ള കല്യാണംവിളി, മാസങ്ങൾക്ക് മുന്നേ തുടങ്ങുന്ന കല്യാണ ഒരുക്കങ്ങൾ, ടെൻഷനടിച്ച് ഉറങ്ങാതെ നടത്തിയ കല്യാണ ആഘോഷങ്ങൾ കോവിഡ് കാലത്ത് ഓർമ മാത്രം. കല്യാണങ്ങൾ കോവിഡ് കാലത്ത് നടക്കുന്നുണ്ടെങ്കിലും അടിമുടിയുള്ള മാറ്റങ്ങളോടെയാണ് കല്യാണങ്ങൾ ഓരോന്നും നടക്കുന്നത്.
കല്യാണം വിളിയടക്കം മാറി. പോയി കണ്ട് ക്ഷണക്കത്ത് കൊടുത്തുള്ള കല്യാണം വിളി നിന്നു. അടുത്ത ബന്ധുക്കളെ പോലും അത്തരത്തിൽ നേരിൽ ചെന്നുള്ള ക്ഷണമില്ല. നേരിട്ടു വന്ന് ക്ഷണിച്ചില്ലെന്ന ആക്ഷേപമോ പരാതിയോ ആർക്കുമില്ലതാനും.
ക്ഷണക്കത്ത് അഥവാ ഇൻവിറ്റേഷൻ ഓണ്‍ലൈനിലൂടെയാണ് അയക്കുന്നത്. കല്യാണത്തിന് വരാൻ പറ്റാത്ത സ്ഥിതിയാണെന്നറിയാം എന്ന മുഖവുരയോടെയാണ് ഓണ്‍ലൈൻ കല്യാണക്കത്ത് തുടങ്ങുന്നത്. വരണം എന്ന് കല്യാണക്കുറിമാനത്തിൽ പറയുന്നില്ല. വരാതെ തന്നെ വധൂവരൻമാരെ വീട്ടിലിരുന്ന് ആശംസിക്കണമെന്നേ ക്ഷണക്കത്തിൽ പറയുന്നുള്ളു.
കല്യാണം ഓണ്‍ലൈനിൽ യൂട്യൂബ് ചാനൽവഴി ലൈവായി കാണാനുള്ള ലിങ്ക് ക്ഷണക്കത്തിൽ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ നേരെ കല്യാണക്കാഴ്ചകളുള്ള യൂ ട്യൂബിലെത്താം. കല്യാണനിശ്ചയത്തിന്റെയും മറ്റും ഫോട്ടോകളും വീഡിയോകളും ഇതിലുണ്ടാകും.
ലോകത്തിന്റെ ഏതു ഭാഗത്തുമിരുന്ന് കല്യാണം കൂടാൻ സാധിക്കും. ലൈവ് ചാറ്റിനും യൂ ട്യൂബ് ചാനലിൽ അവസരമുണ്ട്.ആശംസകൾ അപ്പപ്പോൾ ലൈവായി പോസ്റ്റു ചെയ്യാം. ഓണ്‍ലൈൻ ഇൻവിറ്റേഷനിൽ ഒന്നു ക്ലിക്കു ചെയ്താൽ കല്യാണം കൂടാൻ കഴിയുന്ന പുതിയ കാല കല്യാണക്കുറിമാനങ്ങൾ അസാധാരണ സമയത്തെ പുതിയ തുടക്കമെന്നാണ് വിശേഷിപ്പിക്കുന്നത്.
യൂ ട്യൂബ് ലൈവ് പുതിയ സംഭവമല്ലെങ്കിലും ക്ഷണക്കത്തിൽ നിന്ന് ഒരു വിരൽപാടകലെയാണ് കല്യാണമെന്നത് കോവിഡ് കാലത്തെ കല്യാണക്കൗതുകമാവുകയാണ്.