റാണിയോട് അത്യാവശ്യമായി എന്തെങ്കിലും പറയാനാകും വീട്ടിലേക്ക് ഓടി എത്തുന്നത്. പറയാനുള്ളതൊക്കെ പറയുകയും ചെയ്യും. എല്ലാം കേട്ടിട്ട് ഒടുവിൽ അവൾ ചിരിക്കും. എന്നിട്ടു പറയും, ഞാൻ റാണിയല്ല, റീനയാണ്. എത്ര നിസഹായനാണ് ഞാൻ. എന്റെ സഹോദരന്റെ അവസ്ഥയും ഇതു തന്നെ – എൽവാൻഡ എന്ന ഭർത്താവിന്റെ പരാതിയാണിത്.
സ്കൂളിൽ
വളരെ പ്രതീക്ഷകളോടെയാണ് ഇരുപതുകാരായ ഇരട്ട സഹോദരന്മാർ 19കാരികളായ ഇരട്ട സഹോദരിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഇന്തോനേഷ്യൻ സ്വദേശികളായ ഇവർ പരസ്പരം കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും സ്കൂളിൽ വച്ചാണ്.
എൽവാൻഡയും റാണി നുർഹേനിയുമാണ് ആദ്യം പ്രണയത്തിലായത്. അതിനുശേഷം ഇവരാണ് തങ്ങളുടെ സഹോദരങ്ങളായ എൽവിൻഡിയെയും റീനയെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രണ്ടു ദന്പതികളും ഒരേ വേദിയിൽ വിവാഹിതരായി. കാഴ്ചയിൽ ആർക്കും പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തത്ര രൂപ സാമ്യമാണ് ഈ ഇരട്ടകളുടെ പ്രത്യേകത.
ഗുലുമാൽ!
വിവാഹ ശേഷം ഒരേ വീട്ടിൽ താമസിക്കണം എന്നതു നാലു പേരുടെയും ആഗ്രഹമായിരുന്നു. എന്നാൽ, ആ ആഗ്രഹമാണ് ഇപ്പോൾ എല്ലാവർക്കും ഗുലുമാലായിരിക്കുന്നത്. പ്രണയത്തിലായിരുന്ന കാലത്തേക്കാൾ വിവാഹ ശേഷം കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു.
ഭർത്താക്കന്മാർ തമ്മിൽ കാഴ്ചയിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഭാര്യമാർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അതുപിന്നെ ആരെയാണ് പ്രശ്നത്തിലാക്കാത്തത്. പേരു ചോദിച്ചിട്ടു സംസാരിച്ചു തുടങ്ങേണ്ട ഗതികേടിലാണ് ഭർത്താക്കന്മാർ.
എങ്കിലും…
പ്രാദേശിക ചാനലായ ട്രാൻസ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥികളായി എത്തിയതോടെയാണ് ഈ ഇരട്ട ദന്പതിമാരുടെ വിശേഷം ലോകം അറിഞ്ഞത്. തുടക്കത്തിൽ ചില അബദ്ധങ്ങൾ നേരിടുന്നുണ്ടെങ്കിലും ഒറ്റവീട്ടിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നു നാലു പേരും പറയുന്നു.