കൂത്തുപറമ്പ്: വിവാഹ വേളയിൽ വധൂവരൻമാർ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ ഉപഹാരങ്ങൾ സ്വീകരിക്കുന്ന പതിവ് ശൈലിയിൽനിന്നുമാറി ഈസ്റ്റ് വള്ള്യായിയിലെ കൃഷ്ണ നിവാസിൽ വിനീഷ്. വിവാഹദിനത്തിൽ താൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈസ്റ്റ് വള്ള്യായി യുപി സ്കൂളിൽ ഒരു എയർ കണ്ടീഷൻ വാങ്ങാനുള്ള തുക നല്കിയാണ് ഈ യുവാവ് മാതൃകയായത്.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ സ്കൂളിനെ ഹൈടെക് ആക്കാനാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമഗ്ര വിദ്യാലയ വികസന പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയിലേക്കാണ് ഖത്തറിൽ എയർപോർട്ട് മാനേജറായ വിനീഷ് തലശേരി തോട്ടുമ്മൽ ശ്രീനന്ദനത്തിൽ ഷബ്നയുടെ കഴുത്തിൽ താലിചാർത്തിയ ശുഭദിനമായ കഴിഞ്ഞദിവസം സ്കൂളിലേക്ക് എയർ കണ്ടീഷൻ വാങ്ങാനുള്ള തുക കൈമാറിയത്. വിനീഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പാനൂർ എഇഒ സി.കെ. സുനിൽ കുമാർ തുക ഏറ്റുവാങ്ങി.
സ്കൂൾ മുഖ്യാധ്യാപകൻ എം.രാഘവൻ, കെ.പാർത്ഥൻ, പി.രാഘവൻ, പി.വിനോദൻ എന്നിവർ സംബന്ധിച്ചു. സ്കൂളിന്റെ വികസന ഫണ്ടിലേക്ക് പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ ഇതിനകം സഹായങ്ങൾ നല്കിയിട്ടുണ്ടെന്ന് മുഖ്യാധ്യാപകൻ എം.രാഘവൻ പറഞ്ഞു.