മൂവാറ്റുപുഴ: ഡോക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം നടത്തിയെന്നാരോപിച്ചു ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെതിരേ പൊലീസ് കേസെടുത്തു. കോതമംഗലം സ്വദേശിയായ യുവാവിനെതിരേ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹലോചനകൾക്കിടെ ഡോക്ടറാണെന്നു തെറ്റിധരിപ്പിച്ച് തന്നെയും കുടുംബത്തെയും വഞ്ചിക്കുകയായിരുന്നുവെന്നാണ് ഭാര്യ മൂവാറ്റുപുഴ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹ ശേഷമാണ് ഭർത്താവ് ഡോക്ടറല്ലെന്ന് അറിയുന്നതെന്നും ഇയാൾ വ്യാപാരിയാണെന്നും തെളിഞ്ഞതായി പരാതിയിൽ പറയുന്നു. വിശ്വാസ വഞ്ചന കാണിച്ച ഭർത്താവിനെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും മറ്റു നടപടികളിലേക്കു കടന്നിട്ടില്ല. ഭർത്താവിൽ നിന്നും ഭാര്യയുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നതെന്നു പോലീസ് പറഞ്ഞു.