കണ്ണൂർ: സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം നല്കി “വ്യാജ വിവാഹ ബ്യൂറോകൾ’ പണം തട്ടുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. നൂറുകണക്കിനാളുകളാണ് തട്ടിപ്പിനിരയാകുന്നത്.
പരാതികൾ വ്യാപകമായതോടെ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം വിവരശേഖരണം തുടങ്ങി. കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ” വ്യാജ വിവാഹ ബ്യൂറോകൾ’ കൂടുതലും പ്രവർത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പിനിരയാകുന്നവര്‍ നാണക്കേടുമൂലം വിവരം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. 2000 രൂപ വരെ മാത്രമെ നഷ്ടപ്പെടുന്നുള്ളുവെന്നതും പരാതി നൽകുന്നതിനിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഇതു മറയാക്കിയാണ് തട്ടിപ്പ് കൊഴുപ്പിക്കുന്നത്.
ഇരയെ കെണിയില്‍ വീഴ്ത്തുംവിധം ആകര്‍ഷകങ്ങളായ പരസ്യം നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിവരുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ സുന്ദരിയായ യുവതി, സ്വന്തമായി വീട്, സാമ്പത്തിക സ്ഥിതി, വരന്റെ ജാതി, മതം എന്നിവ പ്രശ്നമല്ല, വിദേശത്തു ജോലിയുള്ള സുന്ദരിയായ യുവതി, വരന് വിദേശത്ത് ജോലി നല്‍കും, വരന്റെ സാമ്പത്തിക സ്ഥിതി പ്രശ്നമില്ല തുടങ്ങിയ രീതിയിലാണ് പരസ്യം നല്‍കുക.
ഒപ്പം മാര്യേജ് ബ്യൂറോയുടെ ഫോണ്‍ നമ്പറും കാണും. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ പുരുഷന്മാരാണ് അധികവും ഈ പരസ്യക്കെണിയില്‍ വീഴുന്നത്.
തട്ടിപ്പിന്റെ രീതി
ഒരു വ്യാജ പരസ്യം നല്‍കുകയാണ് ഇവരുടെ ആദ്യപണി. ഒന്നോ രണ്ടോ മൊബൈല്‍ നമ്പറും നല്‍കും. മൊബൈൽ നമ്പര്‍ ആകട്ടെ പരസ്യം വരുന്ന ഞായറാഴ്ചയും പിറ്റേന്നും മാത്രമെ പ്രവർത്തിക്കുകയുള്ളൂ. പരസ്യം കണ്ട് വിളിക്കുന്നവരോട് ആലോചിക്കുന്ന ആളുടെ പൂര്‍ണ വിവരം തിരക്കും.
എന്നിട്ട് പെണ്‍കുട്ടി/ആണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ട് അവര്‍ക്ക് സമ്മതമാണങ്കില്‍ വിശദവിവരങ്ങള്‍ അയച്ചു തരാം എന്ന് പറയും. ഇതിനോടൊപ്പം സമാനമായ മറ്റ് അഞ്ച് കേസുകളും ഫോട്ടോ ഉള്‍പ്പെടെ അയ്ക്കുമെന്നും പറയും. ഇത് വിപിഎല്‍ ആയിട്ടാണ് അയയ്ക്കുന്നത്.
1500 രൂപയും അതിന്റെ സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 1600 രൂപ വരും ഇതിന്റെ ചെലവ്. എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ നടത്തി തരുമെന്നാണ് മോഹനസുന്ദര വാഗ്ദാനം.
ഇതിനിടയില്‍ കവര്‍ പോസ്റ്റോഫീസില്‍ എത്തിയാലുടന്‍ ബ്യൂറോയില്‍നിന്ന് മറ്റ് നമ്പറുകളില്‍നിന്ന് വിളി തുടങ്ങും. നിങ്ങള്‍ എപ്പോഴാ ചെല്ലുന്നതെന്ന് പെണ്/ആണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് തിരക്കുന്നു എന്നും പറയും. ഇതുകൂടെ കേട്ടുകഴിയുന്നതോടെ വീഴാത്തവരും അകപ്പെടും.
അയച്ചുകിട്ടുന്ന കവറിൽ പരസ്യത്തില്‍ പറഞ്ഞ ആളുടെ ഒരു വിവരവും ഇല്ല. ഇതില്‍ പലതും വിവാഹം കഴിഞ്ഞതായിരിക്കും. ആല്ലെങ്കില്‍ ജാതിയെ സമുദായമോ ചേരാത്തതായിരിക്കും.
കൈയിൽ കിട്ടിയ വിലാസത്തിലെ ഫോണിൽ വിളിച്ചു നോക്കുമ്പോൾ ഞങ്ങള്‍ക്ക് അങ്ങനെ ഒരു ബ്യൂറോയുമായി ഒരു ബന്ധവും ഇല്ലാ, ഞങ്ങളുടെ അഡ്രസ് എങ്ങനെയാ നിങ്ങള്‍ക്ക് കിട്ടിയതെന്ന് കൂടി ആകുമ്പോള്‍ തട്ടിപ്പ് വ്യക്തമാകും.
ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ അയ്യോ നിങ്ങള്‍ക്ക് അയച്ചത് മാറിപ്പോയി എന്ന മറുപടിയും ലഭിക്കും. പിന്നീട്, ആ ഫോണുകൾ സ്വിച്ച് ഓഫാകും. ഇത്തരം തട്ടിപ്പിന്റെ ഇരകള്‍ കൂടുതലും വിദേശ മലയാളികളാണ്.