കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നത്.
ഇതു ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൂടോടെ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ ഈ സൗജന്യ യാത്ര മുതലാക്കി കാമുകനൊപ്പം പോയ യുവതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡയിലാണ് സംഭവം.
11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തി കാമുകനൊപ്പം കടന്നുകളഞ്ഞത്.
ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു.
ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന് യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു.
എന്നാല്‍ തന്റെ കൈയില്‍ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു. ഇതിനിടെയാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പദ്ധതി നിലവില്‍ വന്നതോടെ, ജൂണ്‍ 13 ന് യുവതി കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകന്റെ അടുത്തേക്ക് പോയി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ അടുത്താണെന്ന് കണ്ടെത്തി.
വീട്ടുകാര്‍ കണ്ടെത്തിയെന്ന് മനസ്സിലാക്കിയതോടെ, യുവതിയും കാമുകനും അവിടെ നിന്നും മുങ്ങി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പുത്തൂര്‍ പോലീസില്‍ പരാതി നല്കി.
യുവതിയും കാമുകനും സിദ്ധക്കാട്ടെ ഗ്രാമത്തില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.