മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം സ്ഥലംവിട്ട വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്.
തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്.
മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി.
എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. ഇത് വിറ്റ് കിട്ടിയ പണത്തിന് ഇരുവരും ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകള്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു.
എന്നാല്‍ പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തമിഴ്നാട് അതിര്‍ത്തിയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരവെയാണ് പിടിയിലാകുന്നത്.
ഇരുവരുമുള്ള സ്ഥലത്തെ കുറിച്ച് അന്വേഷണസംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.