കിലോഗ്രാമിന് ഇരുപത് ഡോളര്‍ നിരക്കില്‍ ചൊവ്വയിലെ മണ്ണ് വില്‍പ്പനയ്ക്ക്! ആവശ്യക്കാര്‍ക്ക് വാങ്ങി കൃഷി നടത്തി നോക്കാം; സര്‍വകലാശാലയുടെ ആശയത്തിന് വന്‍ പ്രചാരവും സ്വീകാര്യതയും

പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും പിന്നാലെയാണ് ശാസ്ത്രലോകം. ചൊവ്വയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തികച്ചും കൗതുകകരമായ ഒരു പരീക്ഷണത്തിന് അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡാ സര്‍വകലാശാല തുടക്കം കുറിച്ചിരിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ഡ്രല്‍ ഫ്‌ലോറിഡയ്ക്ക് വളരെ വ്യത്യസ്തമായ ഒരു വസ്തു വില്‍ക്കാനുണ്ട്. ചൊവ്വയില്‍ നിന്നുള്ള മണ്ണ്. കൃഷി ചെയ്ത് നോക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കിലോയ്ക്ക് ഇരുപത് ഡോളര്‍ എന്ന നിരക്കില്‍ മണ്ണ് വാങ്ങി പരീക്ഷിച്ച് നോക്കാമത്രേ. ഇക്കാര്യത്തില്‍ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ ആശയത്തിന് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചൊവ്വയിലെയും മറ്റ് ഗ്രഹങ്ങളിലെയും മണ്ണ് കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്ന അവിടുത്തെ ഗവേഷകര്‍, അത് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. കൃത്രിമമായി സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ മണ്ണിന് കിലോയ്ക്ക് 20 ഡോളറാണ് വില. ശാസ്ത്രീയാടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് ഈ മണ്ണ്. ചൊവ്വയില്‍ നിന്നും നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ശേഖരിച്ച മണ്ണില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വേര്‍തിരിച്ച് സമാനമായ രാസവസ്തുക്കളുടെ ചേരുവയിലാണ് കൃത്രിമ മണ്ണ് തയ്യാറാക്കിയിട്ടുള്ളത്.

ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കെ ഇത്തരം ഗവേഷണങ്ങള്‍ ഗുണകരമാണെന്ന് യുസിഎഫ് പ്ളാനറ്ററി സയന്‍സസ് ഗ്രൂപ്പ് പറയുന്നു. ചൊവ്വയില്‍ ഭക്ഷ്യധാന്യങ്ങള്‍ വളര്‍ത്താന്‍ അവിടുത്തെ മണ്ണും അനുബന്ധ സാഹചര്യവും സാങ്കേതികതയും പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പ്രൊഫസര്‍ ഡാന്‍ ബ്രിട്ട് പറയുന്നത്. അതേസമയം കിലോയ്ക്ക് 20 ഡോളര്‍ നിരക്കില്‍ 30 ലധികം ഓര്‍ഡറുകളാണ് ഗവേഷണ സ്ഥാപനത്തിന് കിട്ടിയിരിക്കുന്നത്.

Related posts