ന്യൂഡൽഹി: വർഷങ്ങളായുള്ള പരന്പരാഗത വേഷവും തലപ്പാവും അഴിച്ചുവച്ച് കാലത്തിനൊത്ത കോലത്തിൽ രാജ്യസഭയിലെ മാർഷൽമാർ. അരനൂറ്റാണ്ട് കാലമായി മാറ്റമില്ലാതിരുന്ന വേഷം പുതിയ രൂപത്തിലേക്കു മാറിയപ്പോൾ അതിന്റെ നിറങ്ങൾ തെരഞ്ഞെടുത്തതാകട്ടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ മകൾ ദീപ വെങ്കടും.
വർഷങ്ങളായി തലയിൽ ഉയർന്നുനിൽക്കുന്ന തലപ്പാവും പരന്പരാഗത ഇന്ത്യൻ വേഷമായ ചാരനിറത്തിലുള്ള ബന്ദ്കലയുമായിരുന്നു ഇവരുടെ വേഷം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ വിദേശ സന്ദർശനത്തിന് പോകുന്പോൾ ധരിക്കാറുള്ള വസ്ത്രമാണ് ബന്ദ്കല.
ഇതു മാറ്റി ഇപ്പോൾ റോയൽ ബ്ലൂ നിറത്തിൽ സൈനിക വേഷത്തോട് സാമ്യമുള്ള യൂണിഫോമും പീക്ക് കളർ തൊപ്പിയും തോളിൽ നക്ഷത്രചിഹ്നങ്ങളും ഒക്കെ ആയാണ് വേഷം പരിഷ്കരിച്ചിരിക്കുന്നത്. ശൈത്യകാലത്തേക്കും വേനൽക്കാലത്തേക്കുമായി രണ്ടുതരം യൂണിഫോമുകളാണ് രാജ്യസഭാ മാർഷലുകൾക്കായി രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ രൂപത്തിലാക്കിയ യൂണിഫോം ശൈത്യകാലത്ത് നീല നിറത്തിലും വേനൽക്കാലത്ത് വെള്ള നിറത്തിലും അണിഞ്ഞായിരിക്കും ഇനി മാർഷൽമാർ സഭയിൽ വരിക. വേനൽക്കാലത്തെ വെള്ള യൂണിഫോമം നാവിക ഉദ്യോഗസ്ഥരുടെ യൂണിഫോമുമായി സാദൃശ്യമുള്ളതാണ്.
ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെയാണ് രാജ്യസഭയിലെ മാർഷൽമാർ അതുവരെ ഉണ്ടായിരുന്ന വെള്ളവേഷം മാറ്റി പട്ടാളവേഷത്തിൽ എത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചർച്ച ചെയ്താണ് പുതിയ വേഷം രൂപകല്പന ചെയ്തത്.
വിവിധ സംസ്ഥാന നിയമസഭകളിലെ മാർഷലുമാരുടെ യൂണിഫോമുകൾ മാതൃകയാക്കിയാണ് രാജ്യസഭാ മാർഷൽമാരുടെ യൂണിഫോമും രൂപകല്പന ചെയ്തത്. ദീർഘകാലമായി ഇവരുടെ യൂണിഫോമിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശ പ്രകാരമാണ് ഇപ്പോൾ മാറ്റം വരുത്തിയതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് എ.എ. റാവു പറഞ്ഞു.
മാർഷൽമാരുടെ യൂണിഫോം മാറ്റുന്പോൾ എന്ത് നിറം തെരഞ്ഞെടുക്കണം എന്ന ചർച്ച തീരുമാനത്തിലെത്താതെ നീണ്ടു പോയി. ഒടുവിൽ സഭാധ്യക്ഷന്റെ മകൾ ദീപയാണ് വെള്ളയും റോയൽ ബ്ലൂ നിറവും തെരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സാന്പത്തിക ശാസ്ത്ര ബിരുദധാരിയായ ദീപ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷ്ണു മോട്ടാേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. ഇവർ രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിൽ സജീവമാകാനില്ലെന്ന് അവർ തന്നെ പിന്നീട് വ്യക്തമാക്കി. സാമൂഹ്യ പ്രവർത്തക കൂടിയായ ദീപയ്ക്ക് ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സെബി മാത്യു