തിരുവാർപ്പ്: ഹൈക്കോടതി വിധിയെത്തുടർന്ന് തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.
ഇന്നു പുലർച്ചെ അഞ്ചിന് വൻപോലീസ് സന്നാഹവുമായെത്തിയ തഹസീൽദാറാണു മെത്രാപ്പോലീത്താമാരും വൈദീകരും വിശ്വാസികളും ഉൾപ്പടെയുള്ളവരെ പുറത്താക്കി പള്ളി പൂട്ടിയത്.
ഇടവകാംഗവും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായെ അരമനയിൽനിന്നു പോലീസ് ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി കോട്ടയം പിഡബ്ല്യുഡിയിലേക്കു കൊണ്ടുപോയി.
പോലീസ് ബലപ്രയോഗത്തിൽ ഇടവകാംഗം ബിജു ചാക്കോയു(41)ടെ കൈയ്ക്കു പരിക്കേറ്റു. ഇദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ തഹസീൽദാർ രാജേന്ദ്ര ബാബു പള്ളി ഏറ്റെടുക്കാൻ എത്തിയെങ്കിലും നിയമപ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഏറ്റെടുക്കാതെ പിൻവാങ്ങി. ഹൈക്കോടതി ഉത്തരവിൽ പള്ളി ഏറ്റെടുക്കണമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ പള്ളി, പള്ളി ഓഫീസ്, മെത്രാപ്പോലീത്തായുടെ അരമന, ഓഡിറ്റോറിയം, സെമിത്തേരി എന്നിവ ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൽ പള്ളി ഏറ്റെടുക്കണമെന്നു മാത്രമാണെന്ന ഉത്തരവ് സാങ്കേതിക തെറ്റാണെന്നു പറഞ്ഞാണു തഹസീൽദാറും ആർഡിഒയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്.
പള്ളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതൽ വിശ്വാസികളും പോലീസും സ്ഥലത്ത് എത്തിയിരുന്നു. പ്രാർഥനയുമായി കഴിഞ്ഞ വിശ്വാസികൾ മറ്റു പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നില്ല.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തഹസീൽദാർ പള്ളിയിലെത്തിയത്. പള്ളിയുടെ താക്കോൽ നൽകാൻ വിശ്വാസികൾ തയാറായിരുന്നു. എന്നാൽ പള്ളി മുറി ഏറ്റെടുക്കാനുള്ള നീക്കം പ്രതിഷേധത്തിനിടയാക്കി.
ഹൈക്കോടതി വിധിയിൽ പള്ളി ഏറ്റെടുക്കാനാണു പറഞ്ഞിരിക്കുന്നതെന്നും പള്ളി കെട്ടിടത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്നും ഇടവക ഭരണ സമിതി വ്യക്തമാക്കി.
എട്ടുവർഷമായി തിരുമേനി പള്ളിയുടെ കോന്പൗണ്ടിലുള്ള മുറിയിൽ താമസിച്ചു വരുന്നതിന്റെ രേഖ മെത്രാപ്പോലീത്താ തഹസീൽദാർക്ക് നൽകി. തന്റെ വീട് വിട്ടൊഴിയാനാവില്ലെന്നു മെത്രാപ്പോലിത്ത അറിയിച്ചിരുന്നു. ഇതേത്തുടർന്നാണു ഇന്നലെ തഹസീൽദാർ മടങ്ങിയത്.
ഇന്നു പുലർച്ചെ എത്തിയ തഹസീൽദാറും ആർഡിഒയും പള്ളിയും അനുബന്ധസ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തി പള്ളി പൂട്ടി മടങ്ങി. തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായെ കൂടാതെ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത,
പള്ളി വികാരി ഫാ. സൈമണ്‍ മാനുവൽ കിടങ്ങേത്ത്, ഫാ. തോമസ് കണ്ടാന്ത്ര, ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കടവുംഭാഗം തുടങ്ങിയ വൈദീകർ പ്രാർഥനായഞ്ജത്തിനു നേതൃത്വം നൽകി.
വിശ്വാസികളുടെ കണ്ണു നിറഞ്ഞു
എഴുപത് വർഷത്തിലേറെ ആരാധന നടത്തിവന്ന പള്ളി പൂട്ടി ജില്ലാ ഭരണകൂടം മടങ്ങുന്പോൾ ആബാലവൃദ്ധം വിശ്വാസികളുടെയും കണ്ണിൽനിന്നും കണ്ണീർ നിറഞ്ഞൊഴുകുകയായിരുന്നു. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ പലരും വീട്ടിലേക്കു മടങ്ങാതെ പ്രദേശത്ത് ഏറെനേരം കാത്തുനിന്നു.
കാർഷിക വരുമാനത്തിൽനിന്നും ഉപജീവനം നടത്തിയിരുന്ന തിരുവാർപ്പ് പ്രദേശത്തെ യാക്കോബായ സഭാ വിശ്വാസികൾ 1950കളിൽ നിർമിച്ചതാണു തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി.
സാന്പത്തികമായി വളരെ ബുദ്ധിമുട്ടി നിർമിച്ച പള്ളിയിൽനിന്നും യാക്കോബായ സഭയ്ക്കു നിരവധി വൈദീകരെ സംഭവന നൽകിയിട്ടുണ്ട്. മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തായുടെ പിതാവ് ഫാ. എൻ.എം. ഏബ്രഹാം നേര്യന്തറ എന്നിവർ തിരുവാർപ്പ് പള്ളി ഇടവകാംഗങ്ങളാണ്.
നടപടിയിൽ പ്രതിഷേധിച്ചു
തിരുവാർപ്പ് പള്ളി ഇടവകാംഗവും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായെ അരമനയിൽനിന്നു പോലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയും അരമനയും പള്ളിയും അനുബന്ധസ്ഥാപനങ്ങളും ബലപ്രയോഗത്തിലൂടെ ഏറ്റെടുത്ത നടപടിയിലും പള്ളി മാനേജിംഗ് കമ്മിറ്റിയും കോട്ടയം ഭദ്രാസന കൗണ്‍സിലും പ്രതിഷേധിച്ചു.
യാക്കോബായ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും കൗണ്‍സിൽ ആരോപിച്ചു. ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കടവുംഭാഗം, ഫാ. സൈമണ്‍ മാനുവൽ കിടങ്ങേത്ത്, ഫാ. തോമസ് കണ്ടാന്ത്ര, സണ്‍ഡേ സ്കൂൾ ചെങ്ങളം ഡിസ്ട്രിക്ട് കമ്മിറ്റി എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
തർക്കത്തിനു തുടക്കം സാന്പത്തിക വിഷയം
തിരുവാർപ്പ് പള്ളി തർക്കത്തിനു തുടക്കം സാന്പത്തിക വിഷയങ്ങളുമായുള്ള തർക്കത്തിനൊടുവിൽ. പള്ളി ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടു പേർ വർഷങ്ങൾക്കു മുന്‍പ് പള്ളി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സാന്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മാനേജിംഗ് കമ്മിറ്റിയിൽ ചോദ്യം ചെയ്യലുണ്ടായി.
ആരോ പണ വിധേയരായ രണ്ടു പേരെ ഭരണസമിതിയിൽനിന്നും മാറ്റിനിർത്തണമെന്നു ഇടവക പൊതുയോഗം തീരുമാനമെടുത്തു. ഇതേത്തുടർന്ന് ഇരുവരും മറുവിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. പിന്നീട് പള്ളിക്കെതിരെ കേസ് നൽകിയതിനെത്തുടർന്നാണ് കോടതി വിധിയുണ്ടായത്.