ഈ മാസം 31ന് അതു സംഭവിക്കും. ഏറെക്കാലമായി ഭയന്നിരുന്ന ഒരു യാഥാർഥ്യം. ക്രൂരതയുടെ ആൾരൂപമായ മനുഷ്യമൃഗം ഇരട്ടക്കൊലയാളി പോൾ ബോസ്റ്റോക്ക് പരോളിലിറങ്ങും.
35 വർഷം മുന്പ് നടന്ന ആ കൊടുംക്രൂരത മറ്റേതെങ്കിലും രീതിയിൽ ഇനിയും ആവർത്തിക്കപ്പെടുമോ?- ഈ ഭീതിയാണ് കുറെ ആഴ്ചകളായി മാർട്ടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്.
വഴിയിൽ കാത്തിരുന്നത്
1985ലെ ഏപ്രിൽ മാസം നൽകിയ നടുക്കം. പേടിപ്പെടുത്തുന്ന ആ കാഴ്ചകൾ മാർട്ടിന് ഇന്നും മറക്കാനായിട്ടില്ല. ഇംഗ്ലണ്ടിലെ ലീസെസ്റ്റർഷയർ എന്ന സ്ഥലത്തെ 21 വയസുകാരി അമാൻഡ വീഡൻ എന്ന നഴ്സ് ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്കു വരികയായിരുന്നു
. മൂന്നു മാസം കഴിഞ്ഞാൽ അമാൻഡയുടെ കല്യാണമാണ്. അതിന്റെ സന്തോഷവും പ്രസരിപ്പും അവളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, അന്നത്തെ അവളുടെ വഴിയിൽ കാത്തിരുന്ന അപകടത്തെ അവൾ തിരിച്ചറിഞ്ഞില്ല. വിജനമായ പ്രദേശത്ത് എത്തിയതും ഒരു യുവാവ് മുന്നിലേക്കു ചാടിവീണു.
പൈശാചിക ഭാവത്തോടെ നിൽക്കുന്ന അവനെ കണ്ടപ്പോൾത്തന്നെ അപകടം മണത്ത അവൾ അലറിവിളിക്കാനൊരുങ്ങി. എന്നാൽ, ശബ്ദം തൊണ്ടയിലെവിടെയോ കുരുങ്ങിയതുപോലെ. അടുത്ത നിമിഷം അയാൾ അരയിൽ ഒളിപ്പിച്ചിരുന്ന കത്തി വലിച്ചൂരിയെടുത്തു. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച അമൻഡയ്ക്കു നേരേ അവൻ ചാടിവീണു.
അവളെ ലക്ഷ്യമാക്കി കത്തിവീശി. ചോര ചിതറിത്തെറിച്ചു. എന്നാൽ, അതുകൊണ്ട് അവസാനിച്ചില്ല. ഭാന്ത്രുപിടിച്ചതുപോലെ അവൻ അവളെ തലങ്ങും വിലങ്ങുംകുത്തി. അവളുടെ നിലവിളിയോ ഞെരുക്കമോ ചീറ്റിത്തെറിക്കുന്ന ചോരയോ ഒന്നും അയാളെ തടയുന്നതായി തോന്നിയില്ല.
കത്തി കയറിഇറങ്ങി വികൃതമായ അമൻഡയുടെ ശരീരത്തിലെ ജീവന്റെ അവസാന തുടിപ്പും പറന്നകന്നു എന്നുറപ്പിച്ച ശേഷമാണ് ആ പിശാച് സ്ഥലംവിട്ടത്. ഒന്നും രണ്ടുമല്ല 39 തവണയാണ് അവളുടെ ശരീരം കുത്തിത്തുളയ്ക്കപ്പെട്ടത്.
പോൾ ബോസ്റ്റോക്ക് എന്ന പതിനെട്ടുകാരനായിരുന്നു അമൻഡയുടെ ജീവനെടുത്ത കൊലയാളി. ചോരവാർന്നു മരിച്ചു കിടക്കുന്ന സഹോദരിയുടെ ഒാർമ ഇന്നും ഒരു നടുക്കമായി മാർട്ടിന്റെ ഉള്ളിലുണ്ട്.
ചോര അവന് ഹരം!
ലീസെസ്റ്റർഷെയറിലെ റിട്ടയേർഡ് സർവീസ് ഡെലിവറി ഡ്രൈവർ മാർട്ടിന് ഇന്ന് 61 വയസുണ്ട്. തന്റെ സഹോദരിയുടെ കൊലപാതകിക്ക് ഓഗസ്റ്റ് 31ന് പരോൾ ലഭിക്കുമെന്നറിഞ്ഞപ്പോൾ മാർട്ടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു – “അയാളെ ഒരിക്കലും മോചിപ്പിക്കരുത്.
അങ്ങനെ സംഭവിച്ചാൽ അതു ഭയാനകമായ തീരുമാനമായിരിക്കും. അയാൾ ഒന്നല്ല രണ്ടു ക്രൂരമായ കൊലപാതകങ്ങൾ നടത്തി. അയാൾ മാനസിക രോഗിയാണ്. ചോര കാണുന്നത് അവനു ഹരമാണ്. ഇതുപോലുള്ള ഒരാളുടെ തലച്ചോർ ഒരിക്കലും ശരിയാക്കാൻ വഴിയില്ല. അയാൾ പുറത്തുവന്നാൽ അതേ ക്രൂരത വീണ്ടും ആവർത്തിക്കും’.
മുന്പും കൊലപാതകം
1983 ജൂലൈയിലായിരുന്നു ബോസ്റ്റോക്ക് ആദ്യ കൊലപാതകം നടത്തുന്നത്. മുപ്പത്തിമൂന്നുകാരിയായ നായപരിശീലക എയ്ലെസ്റ്റോൺ മെഡോസിലെ കരോലിൻ ഓസ്ബോണിനെയാണ് ബോസ്റ്റോക്ക് കൊലപ്പെടുത്തിയത്. അമൻഡയ്ക്കു സംഭവിച്ചതുപോലെ ശരീരത്തിൽ കത്തികൊണ്ടു നിരവധി തവണ കുത്തേറ്റാണ് അവരും മരിച്ചത്.
ആ കേസിൽ ഒളിവിൽ കഴിഞ്ഞ ബോസ്റ്റോക്ക് കൃത്യം നടത്തി 21 മാസം കഴിഞ്ഞപ്പോൾ കരോലിൻ ഓസ്ബോണിന്റെ ശവകുടീരം സന്ദർശിച്ചിരുന്നു. അവിടെ വച്ചാണ് അയാൾ അമാൻഡാ വീഡനെ കാണുന്നത്. നഴ്സായ അമൻഡ വീട്ടിൽനിന്ന് ആശുപത്രിയിലേക്കുള്ള എളുപ്പ വഴിയായി ഈ സെമിത്തേരിക്ക് അരികിലൂടെയാണ് പതിവായി പോയിരുന്നത്.
രക്തദാഹിയായി മാറിയിരുന്ന ബോസ്റ്റോക്കിന്റെ കണ്ണ് അമൻഡയിൽ വീണു. ചുവന്ന ചെരുപ്പ് ധരിച്ചു തന്റെ മുന്നിലൂടെ കടന്നുപോയ അമാൻഡയെ അടുത്ത ഇരയായി അയാൾ കണ്ടു. തുടർന്ന് അനുകൂല സന്ദർഭത്തിനായി കുറെ നാൾ കാത്തിരുന്നു. അങ്ങനെയൊരു ദിവസമാണ് ഒറ്റയ്ക്ക് അമൻഡയെ അയാൾക്കു മുന്നിൽ കിട്ടിയത്.
പരോൾ എന്തിന്
സമാനമായ രീതിയിൽ രണ്ടാമത്തെ കൊലപാതകം നടത്തിയതോടെ അമൻഡ കേസ് കോളിളക്കമായി. നിരപരാധികളായ രണ്ടു യുവതികളുടെ ജീവനെടുത്ത പ്രതിയെ ഇനിയും ചുറ്റിത്തിരിയാൻ അനുവദിക്കരുതെന്ന് മുറവിളി ശക്തമായി.
പോലീസ് ഊർജിതമായി രംഗത്തിറങ്ങി. ഒടുവിൽ ബോസ്റ്റോക്ക് പിടിയിലായി. വേഗത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി അപകടകാരിയായ അയാളെ കോടതി തടവറയിലാക്കി. ആ പതിനെട്ടുകാരന് ഇപ്പോൾ 53 വയസായി.
തന്റെ മരണം ജയിലിൽ തന്നെയായിരിക്കുമെന്നായിരുന്നു ബോസ്റ്റോക്ക് ആദ്യകാലത്തു പുലന്പിക്കൊണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരോൾ നേടിയെടുക്കാനുള്ള നീക്കത്തിലായിരുന്നു
ബോസ്റ്റോക്ക്.
എന്നാൽ, കോവിഡ് രോഗവ്യാപനവും ലോക്ക്ഡൗണും കഴിഞ്ഞ ശരത്കാല ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണവും പരോളിനുള്ള ശ്രമത്തെ രണ്ടുതവണ തടസപ്പെടുത്തി. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ ബോസ്റ്റോക്കിന് അനുകൂലമായിരിക്കുന്നു. ആഷ്ബോർണിലെ സഡ്ബറി ജയിലിൽനിന്ന് അടുത്തിടെ നടത്തിയ വിദൂര ഹിയറിംഗിനിടെ സ്വാതന്ത്ര്യംതേടി ബോസ്റ്റോക്ക് നൽകിയ ഏറ്റവും പുതിയ അപേക്ഷയാണ് ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്.
പരോൾ ബോർഡ് തീരുമാനം അപ്പീൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്ന അമാൻഡ വീഡന്റെ സഹോദരൻ മാർട്ടിൻ പക്ഷേ, ബോസ്റ്റോക്കിന്റെ വരവിനെ തടയാൻ തനിക്കാകില്ലെന്നും വിശ്വസിക്കുന്നു.
എന്തായാലും തന്റെ സഹോദരിയടക്കം രണ്ടു പേരെ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ ബോസ്റ്റോക്കിന്റെ തലച്ചോറിൽ ഇപ്പോഴും രക്തദാഹിയായ ഒരു ക്രിമിനൽ ബാക്കിയുണ്ടോയെന്ന ആശങ്കയാണ് മാർട്ടിനെ അലട്ടുന്നത്.
ഇനിയും ഒരു പെൺകുട്ടിക്കും ജീവൻ നഷ്ടമാകാതിരിക്കാൻ ജാഗ്രത വേണമെന്നും മാർട്ടിൻ മുന്നറിയിപ്പ് നൽകുന്നു. ഒാഗസ്റ്റ് 31 കഴിഞ്ഞ് എന്തു സംഭവിക്കും… കാത്തിരിക്കുകയാണ് ഈ മനുഷ്യൻ!