തൊടുപുഴ: തൊടുപുഴയിൽ ലക്ഷങ്ങളുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ലഹരിയുടെ ഉറവിടമറിയാനായി എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.
എക്സൈസിന്റെ പിടിയിലായ കരിമണ്ണൂർ നെയ്യശേരി ഇടമനയ്ക്കൽ ഹാരിസ് നാസറിനെ (25) ചോദ്യം ചെയ്തതിൽ നിന്ന ് പാലക്കാട് കഞ്ചിക്കോടു നിന്നാണ് ലഹരിവസ്തുകൾ ലഭിച്ചതെന്ന് വ്യക്തമായി. ആന്ധ്രയിൽ നിന്ന് എത്തിച്ചു നൽകുന്ന കഞ്ചാവും ഹാഷിഷ് ഓയിലും തൊടുപുഴയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പതിവെന്നും ഇയാൾ മൊഴി നൽകി.
ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ എൻ.പി.സുദീപ് കുമാറിന്റെ നേതൃത്വത്തിൽ പിടി കൂടിയത്. വെങ്ങല്ലൂർ – കോലാനി ബൈപ്പാസിൽ ഇന്നലെ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട ് ഹാരിസ് കാർ നിർത്താതെ പോയി.
പിൻതുടർന്നെത്തിയ എക്സൈസ് സംഘം വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനു സമീപത്തു വച്ച് കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. മുമ്പും കഞ്ചാവ് കേസിൽ പിടിയിലായ ആളാണ് ഹാരിസ്.
50 കിലോ കഞ്ചാവ്, 356 ഗ്രാം ഹാഷിഷ് ഓയിൽ
50 കിലോ കഞ്ചാവും 356 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഞ്ചാവിന് 20 ലക്ഷത്തോളം രൂപയും ഹാഷിഷ് ഓയിലിന് 40 ലക്ഷത്തോളം രൂപയും അന്താരാഷ്്ട്ര മാർക്കറ്റിൽ വില വരുമെന്നാണ് നിഗമനം.
ഹാഷിഷ് ഓയിലിന് ഒരു കോടിയ്ക്കു മേലാണ് അന്താരാഷ്്ട്രമാർക്ക് വില. എന്നാൽ ചില്ലറ വിൽപ്പന നടത്തുന്പോൾ നാലിരട്ടിയിലധികം വിലയ്ക്കാണ് ഇവ കച്ചവടം നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാർട്ടിൻ പ്രധാന കണ്ണി
ഇതിനിടെ കഞ്ചാവ് പിടികൂടി പരിശോധന നടത്തുന്നതിനിടെ എക്സൈസ് സംഘത്തിനെ കൈയേറ്റം ചെയ്യാനും നടപടികൾ തടസപ്പെടുത്താനും ശ്രമിച്ച ഒടിയൻ എന്നു വിളിക്കുന്ന പാലാക്കണ്ടം നെല്ലിക്കൽ മാർട്ടിനെ (40) എക്സൈസ് പിടി കൂടി പോലീസിനു കൈമാറി.
നിരവധി കഞ്ചാവു കേസുകളിൽ പിടിയിലായ ഇയാൾ സംഭവസ്ഥലത്തെത്തി എക്സൈസ് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
തൊടുപുഴ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കണ്ണിയാണ് മാർട്ടിനെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസിന്റെ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണ് ഇയാൾക്കെതിരേ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഹാരിസിനെയും മാർട്ടിനെയും ഇന്ന്് കോടതിയിൽ ഹാജരാക്കും.