തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായത് വാർത്തകളിലൂടെയാണ്. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. പരാതി ലഭിച്ചിട്ടും നടപടി വൈകിയെന്നത് പരിശോധിക്കും. ജില്ലയിൽ സമാന സംഭവങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ചയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം.
കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ നടത്തിയത്.
ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് ഒടുവിൽ മാർട്ടിൻ പിടിയിലായത്. കൊച്ചിയിൽനിന്നുള്ള പോലീസ് സംഘവും തൃശൂരിൽനിന്നുള്ള പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.