സ്വന്തം ലേഖകൻ
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്പ് തൃശൂരിലെ വീട് തല്ലിത്തകർത്തെന്ന് പിതാവ് ജോസഫ്.
പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം.കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ആക്രമിച്ചതെന്ന് മാർട്ടിൻ ജോസഫ് പൊലീസിനോടു വെളിപ്പെടുത്തി.
നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി.മാർട്ടിന്റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്പത്തഞ്ചുകാരനായ ജോസഫിന്റെ കുടുംബം താമസിക്കുന്നത്.
കർണാടിക് സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി ജോസഫിന്റെ ജീവിത സന്പാദ്യമായ 25 ലക്ഷം രൂപ മാർട്ടിൻ നിർബന്ധപൂർവം വാങ്ങി.
കൂട്ടുകാരുമൊന്നിച്ചു പല ഭൂമിയിടപാടുകളും നടത്തി മോശമല്ലാത്ത വരുമാനം ലഭിച്ചിട്ടും തുക തിരിച്ചുകൊടുത്തില്ല. ഇക്കാര്യം മാർട്ടിന്റെ ചില കൂട്ടുകാരോട് പിതാവ് ജോസഫ് സൂചിപ്പിച്ചു.
വിവരമറിഞ്ഞ മാർട്ടിൻ വീട്ടിലെത്തി എല്ലാ വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ഥലംവിട്ടത്.
ഇതേസമയം, പോലീസ് മാർട്ടിന്റെ സാന്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാർട്ടിന്റെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ടാർസനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണ് മാർട്ടിൻ ജോസഫ് തൃശൂരിൽ ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്നതിനിടെ മാർട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.