അങ്കമാലി: തനിക്കെതിരേ വധഭീഷണിയുണ്ടെന്നു നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ. റിമാൻഡിൽ കഴിയുന്ന മാർട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നു അടച്ചിട്ട കോടതിമുറിയിൽ മാർട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാൻ അവസരം നൽകി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാർട്ടിൻ എഴുതി നൽകി.
എന്നാൽ, പരാതി പരിഗണിച്ച കോടതി ഇതെല്ലാം വിചാരണക്കോടതിയുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണിയുണ്ടെന്നുള്ള പരാതിയിൽ, വേണ്ട സുരക്ഷ നൽകാൻ നിർദേശവും നൽകി.
നടൻ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികൾക്കു ശേഷം പുറത്തിറങ്ങിയ മാർട്ടിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും മാർട്ടിൻ പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർക്കു മറുപടിയുണ്ടായില്ല.