കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ പ്രതി തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
തൃശൂരില്‍ ഉള്‍പ്പെടെ നടത്തുന്ന അന്വേഷണത്തില്‍ ഇയാളെ ഉടന്‍ പിടികൂടാനായേക്കുമെന്നാണു സൂചന. എന്നാല്‍, ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല് ഹൈക്കോടതി തീരുമാനം വന്നശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും വിവരങ്ങളുണ്ട്.
ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
മാര്ട്ടിന് ജോസഫ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മേയ് 18 ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതി വ്യാജമാണെന്നാണ് ഹര്‍ജിക്കാരനായ മാര്ട്ടിന് ജോസഫിന്റെ വാദം. തന്നെക്കാള്‍ ഒരു വയസിനു മൂത്ത യുവതിയുമായി ഇഷ്ടത്തിലായതിനെത്തുടര്ന്നാണ് ഒരുമിച്ചു താമസിച്ചതെന്നും വിവാഹം കഴിച്ചതാണെന്ന വസ്തുത മറച്ചുവച്ചാണ് ഇവര്‍ തനിക്കൊപ്പം ജീവിച്ചതെന്നും ഹര്ജിക്കാരന് പറയുന്നു.
വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ യുവതി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഫോണില്‍ സംസാരിച്ചപ്പോഴാണ് വിവാഹം കഴിഞ്ഞതാണെന്ന വിവരം അറിഞ്ഞതെന്നും മാര്‍ട്ടിന്റെ ഹര്‍ജിയില്‍ പറയുന്നു.
പലപ്പോഴും പറയാതെ ഫ്ളാറ്റില്‍നിന്നു പോകുന്ന ഇവര്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് മടങ്ങി വരുന്നതെന്നും ഈ സമയം ഫോണ്‍ സ്വിച്ച് ഓഫായിരിക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നായതോടെ സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് തങ്ങള്‍ വേര്‍പിരിഞ്ഞു. ഇവരില്‍നിന്ന് പണം വാങ്ങിയിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് പീഡിപ്പിച്ചെന്ന പരാതിയുമായി വന്നതെന്ന് അറിയില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
എന്നാല്‍ കണ്ണില്‍ മുളകു വെള്ളമൊഴിച്ചും ബെല്‍റ്റ് കൊണ്ടടിച്ചും ഇയാള്‍ പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
മാത്രമല്ല, പ്രതിമാസം 40,000 രൂപ നല്‍കാമെന്ന് ഉറപ്പു നല്കി മാര്ട്ടിന് അഞ്ച് ലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനായി വാങ്ങിയതു തിരിച്ചു നല്‍കിയില്ലെന്നും പരാതിയുണ്ട്. ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും യുവതി പോലീസിനു നല്‍കിയിരുന്നു.