കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിനെതിരായ കുറ്റപത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പ്രതിക്ക് ലഹരി മരുന്നിന്റെ ഇടപാടുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
പ്രതിക്കെതിരെ ബലാല്‍സംഗം, അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, വഞ്ചന, ഭീഷണി, മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേല്പിക്കല്, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പ്രതി ഇരയെ ലൈംഗിക താല്പര്യങ്ങള്ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെയ്ക്കുകയായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍.
ആഡംബര ജീവിതം നയിച്ചിരുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിശദമായി അന്വേണം വേണമെന്നും സെന്‍ട്രല്‍ പോലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ തടങ്കലില്‍വച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു മാര്ട്ടിന്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം അരങ്ങേറിയത്.
എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗീകമായി പീഡിപ്പിച്ചു.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയും തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ ജൂണ്‍ പത്തിന് രാത്രിയോടെ തൃശൂര്‍ മുണ്ടൂര്‍ വന മേഖലയില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.