കൊച്ചി: നാലുപേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു.
ബോംബ് സ്ഫോടനത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തിലെ കടയിലാണ് ഇന്ന് രാവിലെ തെളിവെടുപ്പ് നടക്കുന്നത്. ഇതിനുശേഷം ഇയാളുടെ തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് ഉണ്ടാകും.
അന്വേഷണോദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.
സ്ഫോടനത്തിന് ആവശ്യമായ ഗുണ്ടുകള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ അന്വേഷണസംഘം പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. 50 ഗുണ്ടുകള്‍ ഇവിടെ നിന്ന് വാങ്ങിയതായി പ്രതി സമ്മതിച്ചു.
വരും ദിവസങ്ങളില്‍ പെട്രോള്‍ വാങ്ങിയ പമ്പ്, സ്ഫോടനത്തിനുശേഷം ഫേസ്ബുക്ക് ലൈവിനായി ചെലവഴിച്ച കൊരട്ടിയിലെ ഹോട്ടല്‍, കീഴടങ്ങാനെത്തിയ കൊടകര പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. സ്ഫോടനം നടന്ന കളമശേരിയിലെ സാമ്ര കണ്വന്ഷന് സെന്ററില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.