നെടുമ്പാശേരി: ബിവറേജസ് ജീവനക്കാരന്റെ തലയിൽ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു.
കിടങ്ങൂർ തുറവൂർ മാമ്പിള്ളി മാർട്ടിൻ (46) ആണ് അറസ്റ്റിലായത്. നെടുമ്പാശേരിയിലെ ബിവ്റേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായ ചേരാനല്ലൂർ സ്വദേശി സേവ്യർ തോമസി(56)നെയാണ് പ്രതി ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ സേവ്യർ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
വൈകുന്നേരം നാലോടെ ഔട്ട്ലെറ്റിലെത്തിയ പ്രതിക്ക് മാസ്കില്ലാത്തതിനാൽ മദ്യം നൽകാൻ ജീവനക്കാർ തയാറായില്ല.
തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം സേവ്യർ ചായ കുടിക്കാനിറങ്ങിയപ്പോൾ ഓട്ടോറിക്ഷയിൽ കാത്തിരുന്ന പ്രതി പിന്നിലൂടെ വന്ന് കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
പ്രതിയെ പിടികൂടി നാട്ടുകാരാണ് പോലീസിനു കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.