തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്പ് തൃശൂരിലെ വീടു തല്ലിത്തകർത്തെന്നു പിതാവ് ജോസഫ്. പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം.
കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്കു മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണു മർദിച്ചതെന്നു മാർട്ടിൻ പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി.
നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി.
മാർട്ടിന്റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. ജോസഫിന്റെ പിതാവ് മരിച്ചതോടെ പാവറട്ടിയിലെ അനാഥാലയത്തിലാണു വളർന്നത്.
പിന്നീട് മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്പത്തഞ്ചുകാരനായ ജോസഫിന്റെ കുടുംബം താമസിച്ചത്. കർണാടക സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
മകൻ മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി ജോസഫിന്റെ ജീവിത സന്പാദ്യമായ 25 ലക്ഷം രൂപ മാർട്ടിൻ നിർബന്ധപൂർവം വാങ്ങി.
കൂട്ടുകാരുമൊന്നിച്ചു പല ഭൂമിയിടപാടുകളും നടത്തി മോശമല്ലാത്ത വരുമാനം ലഭിച്ചിട്ടും തുക തിരിച്ചുകൊടുത്തില്ല. ഇക്കാര്യം മാർട്ടിന്റെ ചില കൂട്ടുകാരോടു പിതാവ് ജോസഫ് സൂചിപ്പിച്ചു.
വിവരമറിഞ്ഞ മാർട്ടിൻ വീട്ടിലെത്തി എല്ലാ വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ഥലംവിട്ടത്.
ഇതേസമയം, പോലീസ് മാർട്ടിന്റെ സാന്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാർട്ടിന്റെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ടാർസൻ എന്നു വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണു മാർട്ടിൻ ജോസഫ് തൃശൂരിൽ ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്നതിനിടെ മാർട്ടിനു ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണു മാർട്ടിനെ തൃശൂരിലെ മുണ്ടൂരിനടുത്ത വനമേഖലയിൽനിന്നു പോലീസ് പിടികൂടിയത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ക്രൂരമായി പീഡിപ്പിച്ചത്.
എറണാകുളത്തു ജോലിചെയ്യുന്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ് സമയത്തു കൊച്ചിയിൽ കുടുങ്ങിയപ്പോഴാണു സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു യുവതിയുടെ പരാതി.