കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫ് പിടിയിൽ. തൃശൂർ കിരാലൂരിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ജോസ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
നേരത്തെ മാര്ട്ടിന് ജോസഫിന് ഒളിവില്‍ പോകാനുള്ള സഹായം ചെയ്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുത്തൂര്‍ സ്വദേശി ശ്രീരാഗ് (27), പാവറട്ടി സ്വദേശി ധനേഷ് (29), മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് (28) എന്നിവരെയാണ് തൃശൂരില്‍ നിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നതിന് ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു.
കാക്കനാട്ടെ ഒരു ഫ്ലാറ്റില്‍ നിന്ന് എട്ടിന് പുലര്‍ച്ചെ 4.30ഓടെയാണ് ഇയാള്‍ തൃശൂരിലേക്ക് പോയതെന്ന് ഇതോടെ അന്വേണസംഘം സ്ഥിരീകരിച്ചു. ഫ്ലാറ്റിലെ ലിഫ്റ്റില്‍ നിന്നു സുഹൃത്തിനൊപ്പം പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കൊച്ചിയില്‍ നിന്നു മുങ്ങിയ പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ തൃശൂരില്‍ എത്തി. അവിടെ ഒളിവില്‍ കഴിഞ്ഞു. പോലീസ് പിടിയിലാകുമെന്ന് അറിഞ്ഞപ്പോള്‍ വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ചു.
പ്രതിക്ക് താമസസൗകര്യവും പണം നല്‍കിയത് ഇപ്പോള്‍ പിടിയിലായ സുഹൃത്തുക്കളാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതി വലയിലായത്.
പ്രതി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു യുവതികൂടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഫ്ലാറ്റില്‍ കയറിവന്ന് മര്ദിച്ചിട്ടുണ്ടെന്നുമാണ് യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്കി രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് മാര്‍ട്ടിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയത്.
മാര്ട്ടിന് മനോരോഗിയാണെന്നും, ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന തരം മനുഷ്യനാണെന്നും പോലീസ് പറഞ്ഞു. കണ്ണില്‍ മുളകു വെള്ളം ഒഴിക്കുക,
മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലു കൊണ്ടും അടിക്കുക എന്നിങ്ങനെയുള്ള പീഡനങ്ങള്‍ ആണ് കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് നേരെ മാര്ട്ടിന് നടത്തിയത്.