സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കൊച്ചി ഫ്ലാറ്റ് കേസിലെ പ്രതി മാർട്ടിനെ കിരാലൂരിൽ നിന്നും പിടികൂടാൻ പോലീസിനൊപ്പം കൂടിയതു മുന്നൂറോളം നാട്ടുകാർ. കൂടാതെ പ്രദേശത്തെ ആർആർടിക്കാരും.
മാർട്ടിനെ ഇന്നലെ വൈകീട്ട് നാലിന് അത്താണി ആറന്പിള്ളിയിൽവച്ച് നാട്ടുകാരിൽ ചിലർ കണ്ടിരുന്നുവത്രെ. ഇതോടെ മാർട്ടിൻ ഓട്ടം തുടങ്ങി.
വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരുമെല്ലാം പിന്നാലെ കൂടിയതോടെ മാർട്ടിന് ഓടാതെ രക്ഷയില്ലെന്നായി.
ആറന്പിള്ളിയിൽ നിന്ന് കിരാലൂർ വരെ ഓടിയെത്തി അവിടെയുള്ള അയ്യൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനകത്തേക്ക് എത്തുന്പോൾ മാർട്ടിൻ അവശനായിരുന്നു.
എസ്റ്റേറ്റ് വളപ്പിനകത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു ഓടിക്കയറിയെങ്കിലും നാട്ടുകാരും പോലീസും പിന്നാലെ കൂടി. ഇയാളെ പിടികൂടുന്പോൾ എട്ടര കഴിഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന ശേഷം മെഡിക്കൽ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
മാർട്ടിൻ മുണ്ടൂരിലെത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നു മെഡിക്കൽ കോളജ് സിഐ അനന്തലാൽ, എസ്ഐ വിജയരാജ് എന്നിവർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു.
കൊച്ചി സിറ്റി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സിഐ നിസാറും സംഘവും ഷാഡോ പോലീസും മാർട്ടിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. രാത്രി വൈദ്യ പരിശോധന കഴിഞ്ഞു മാർട്ടിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.