കോട്ടയം: മറുനാടന്‍ മലയാളികള്‍ക്കു ഓണത്തിന്റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍ നിന്നു വീട്ടിലെത്തി ഓണമുണ്ണാന്‍ നല്ലോണം കാശ് മുടക്കണം. എല്ലാ വര്‍ഷവും ഇതു പതിവാണെങ്കിലും ഇടപെടലുകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍ മറുനാടന്‍ മലയാളികള്‍ അസ്വസ്ഥരാണ്. ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണ് വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടി വരുന്നത്.
ഇന്നും നാളെയുമായി ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്കു സ്വകാര്യ ബസുകളില്‍ 1899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 1,212 രൂപ വരെയുമാണ് നിരക്ക്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളൂരുവില്‍നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ കരാര്‍ ബസുകളാണ്. എല്ലാ ബസുകളിലും ആവശ്യത്തിനു സീറ്റുകള്‍ കാലിയുമുണ്ട്.
നിരക്കും തിരക്കുമൊക്കെ ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്ക് അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ചുരുക്കം സീറ്റുകളാണ് അവശേഷിക്കുന്നത്. ടിക്കറ്റ് നിരക്ക് 2,500 മുതല്‍ 4,200 രൂപ വരെയാണ്.
സാധാരണ ഓണത്തിനു പുലര്‍ച്ചെ എത്തുന്ന ബസുകളിലാണ് നിരക്കും തിരക്കും കൂടുതലാകുന്നതെങ്കില് ഇത്തവണ ഓണം ഞായറാഴ്ചയായതിനാലാണ് 13ന് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ഓണ ദിവസം വരുന്നവര്‍ക്ക് തലേന്നുള്ളതിനേക്കാള്‍ നിരക്കില്‍ നേരിയ കുറവുണ്ട്. ഓണം കഴിഞ്ഞ് അന്നു വൈകുന്നേരം ബംഗളൂരുവിലേക്ക് പോകാനുള്ള നിരക്കും സാധാരണ ദിവസങ്ങളിലേതിന്റെ ഇരട്ടിയാണ്.
ചെന്നൈ റൂട്ടിലും സമാനസ്ഥിതിയാണ്. ഇന്നും നാളെയുമൊക്കെ ചെന്നൈയില്‍നിന്നു കോട്ടയത്തു വരണമെങ്കില്‍ 600 മുതല്‍ 1890 രൂപ വരെയാകും. 13നാണ് വരവെങ്കില്‍ അത് 2,990 മുതല്‍ 4,200 രൂപ വരെയാകും.വിമാനത്തില്‍ നാലായിരം രൂപ മാത്രം നിരക്കുള്ളപ്പോഴാണ് ബസുകാരുടെ കൊള്ള.
ബംഗളൂരുവില്‍നിന്നു കെഎസ്ആര്‍ടിസി സര്‍വീസുണ്ടെങ്കില്‍ ചെന്നൈയില്‍നിന്നു കോട്ടയത്തേക്കു സര്‍വീസുമില്ല. ചങ്ങനാശേരിയില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഓടിയിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കോവിഡ് കാലത്ത് നിലച്ചതില്‍ പിന്നെ തിരികെ വന്നിട്ടില്ല. 800 രൂപ മാത്രമായിരുന്നു ആ ബില്‍ ചങ്ങനാശേരിയില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ നിരക്ക്.