കല്ലടിക്കോട്: തുപ്പനാട് പുഴയിൽ പാലമില്ലാത്തതിനാൽ മരുതുംകാടുകാർ മറുകര എത്താനാകാതെ ദുരിതത്തിൽ.വാക്കോട് പാങ്ങ് വഴി മൂന്നേക്കറിലേക്കും മരുതംകാട്ടേക്കും വരുന്ന പ്രദേശ വാസികളാണ് പാലമില്ലാതെ കഷ്ടപ്പെടുന്നത്.
മീൻവല്ലം പുഴയിൽ വെള്ളം കയറുന്പോൾ പുഴയിലൂടെ നടന്നുപോകാനോ വാഹനങ്ങൾ അക്കരെ കടത്താനോ കഴിയാതെ കഷ്ടപ്പെടുന്നതും പതിവാണ്. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കുകയും ജീപ്പുകളടക്കമുള്ളവ നിയന്ത്രണം വിട്ട് തെന്നി മാറുന്നതും പതിവണ്.
പുഴയിൽ വെള്ളം കയറിയാൽ ഈ ഭാഗത്തുള്ളവർ പത്തു കിലോമീറ്റർ ചുറ്റിയാണ് മറുകരയിൽ എത്തുന്നത്. മീൻവല്ലം ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചതോടെ നിരവധി സന്ദർശകരാണ് നിത്യവും എത്തുന്നത്.
വെള്ളം ഉയർന്നാൽ ചെറുമലയിലെ ആദിവാസികോളനികളടക്കമുള്ള വീടുകളിലെ കുടുംബംഗങ്ങൾ പുറം ലോകത്തെത്താനാകാതെ ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിയേണ്ട സ്ഥിതിയാണ്.
അസുഖം വന്നാ പോലും വാഹനം ഈ പുഴ കടന്ന് വരില്ല. രോഗികളെ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടാണ് മറുകരയിൽ എത്തിക്കുന്നത്. തുപ്പനാട് പുഴയിൽ മരുതും കാട് ഭാഗത്ത് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.