പശ്ചിമഘട്ടപർവ്വതനിരകളുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടി… ഋഷിപരമ്പരകളുടെ മഹാതപസിന്റെ സാക്ഷി…
മലയാളികള്‍ക്ക് ഇവിടം “മരുത്വാമല”. തമിഴര്‍ക്ക് “മറുന്തുവാഴ്മലൈ’. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമെല്ലാം തങ്ങളുടെയുള്ളിലെ ആത്മചൈതന്യത്തെ കണ്ടെത്തിയയിടം..
“ആത്മീയതയുടെ വെളിച്ചത്തിനായി കൊതിക്കുന്നവർക്ക് ഏകാന്തതയോടെയും ഏകാഗ്രതയോടെയും ഈ പ്രകൃതിയുമായി അലിഞ്ഞുചേരാം…
“വെറുമൊരു സഞ്ചാരിയായി മാത്രം എത്തുന്നവർക്ക് ഈ മലനിരകളും, പൂക്കളുമൊക്കെ കണ്ട് ആനന്ദിക്കാം… പ്രകൃതിസ്നേഹികൾക്ക് പച്ചപ്പിന്റെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങാം…
യുക്തിവാദികൾക്ക് ആഹ്ലാദകരമായ ഒരു സാഹസിക ട്രെക്കിംഗ് നടത്താം… ഒരാൾ ഏതു രൂപത്തിൽ ഇവിടെ എത്തുന്നോ അതേ രൂപത്തിലും ഭാവത്തിലും ഈ പ്രകൃതിയെ നമുക്ക് അനുഭവിച്ചറിയാം…
കല്ലും മണ്ണും പാറക്കൂട്ടങ്ങളും മലകളും താണ്ടി ആദ്യമായി മരുത്വാമല കയറുമ്പോൾ ഈ യാത്രയുടെ അവസാനം എന്താണ് എന്ന് അറിവുണ്ടാകില്ല.
മലമുകളിലെത്തിക്കഴിഞ്ഞ് പിള്ളത്തടം ഗുഹയിൽ ഇത്തിരി നേരം വിശ്രമിക്കുമ്പോൾ ഈ യാത്രപോലെ തന്നെയല്ലേ നമ്മുടെ ജീവിതവും എന്നു തോന്നിപ്പോകും.
ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ഏതുവഴിയിലൂടെ സഞ്ചരിക്കും എന്ന് നമ്മൾ സംശയിക്കുന്നതു മുതൽ തന്റെ ലക്ഷ്യങ്ങളെ ഓരോന്നായി നേടിയെടുത്ത് കടമകളും കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ടുള്ള ജീവിതയാത്ര…
ഇടയ്ക്കെപ്പോഴെങ്കിലും നിന്നുപോയാൽ വീണ്ടും ഉയർന്നുപോകാനുള്ള ഊർജം അവിടെത്തന്നെ നിക്ഷിപ്തം. കാലുകൾ തളർന്നു കയറുമ്പോഴും മുകളിലെത്താനുള്ള മനസിന്റെ മോഹം നമ്മളെ മല കയറ്റിക്കൊണ്ടേയിരിക്കും. അവിടെയെത്തിയാലോ നടന്നുകയറിയ വഴികളെ പറ്റിയായിരിക്കും നമ്മൾ ചിന്തിക്കുക.
ദൂരമിത്രയും താണ്ടി സ്വന്തം ശരീരത്തെ വെല്ലുവിളിച്ച് കഠിനമായ യാത്രയുടെ ക്ലേശം മുഴുവൻ സഹിച്ച് ശ്രീനാരായണഗുരു ഈ മലമുകളിൽ എത്തിയത് എന്തിനാവും എന്ന സംശയം ആദ്യമായി മരുത്വാമല കയറിയപ്പോൾ എനിക്കും തോന്നിയിരുന്നു.
പക്ഷേ പിള്ളത്തടം ഗുഹയ്ക്കുള്ളിലെ കരിങ്കൽ തണുപ്പിൽ കാലു കുത്തിയപ്പോൾ ശരീരത്തിലേക്ക് അരിച്ചുകയറിയ ഉന്മത്തമാക്കുന്ന ഒരു പ്രത്യേക അനുഭൂതി ആ സംശയങ്ങളെ മുഴുവൻ അപ്പാടെ കാറ്റിൽ പറത്തി.
അനുഭവത്തിലൂടെ മാത്രം മനസിലാക്കാവുന്ന മനഃശാന്തിയുടെ ഒരു ലോകമാണ് ഈ പ്രകൃതിയെന്ന തിരിച്ചറിവ്.
പിന്നിട്ട വഴികളിലൂടെ തിരികെയിറങ്ങുമ്പോഴും ഓർമകൾ മുഴുവൻ മലമുകളിലെ ആ നല്ലനിമിഷങ്ങളെക്കുറിച്ചായിരിക്കും.
വഴിയിൽ ക്ഷീണിച്ചിരിക്കുന്നവരും ദാഹിച്ചിരിക്കുന്നവരും ഉണ്ടാകാം. അവരിൽ പലരും നമുക്ക് പരിചിതമായ മുഖങ്ങളായിരിക്കില്ല.
നമ്മുടെ ഭാഷ സംസാരിക്കുന്നവരുമാകില്ല. ഇനിയൊരിക്കൽക്കൂടി ജീവിതയാത്രയിൽ കണ്ടുമുട്ടാൻ വഴിയില്ലാത്ത എത്രയോ മുഖങ്ങൾ. പക്ഷേ തിരികെയിറങ്ങുമ്പോൾ അവരുടെ മുഖത്തേക്കു നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് മുകളിലേക്ക് ഒന്ന് കൈ ചൂണ്ടിയാൽ മതി. ആ പുഞ്ചിരിയുടെ ഭാഷ അവരിലേക്കും പടരും.. അത് അവർക്കും മുകളിലേക്കെത്താനുള്ള ഊർജത്തിനു വകയാകും.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അതുപോലെ പേരറിയാത്ത എത്രയോ മഹത്തുക്കൾ ഈ കാടിന്റെയും മലയുടെയും പ്രകൃതിയുമെല്ലാം പുണ്യം നുകർന്നവരാണ്…
കാലങ്ങൾ എത്രയോ കഴിഞ്ഞിട്ടും ഇപ്പോഴും ഒട്ടും പ്രായമാവാതെ അതേ ആകാശവും അതേ മലനിരകളും, അതേ കാറ്റും…
പക്ഷേ ആ മനുഷ്യരും ചരാചരങ്ങളും പൊലിഞ്ഞുപോയിരിക്കുന്നു. എങ്കിലും ലോകനന്മയ്ക്കായി അവർ ഉരുവിട്ട മൃതസഞ്ജീവനിമന്ത്രത്തിന്റെ അലയൊലികൾ ഇപ്പോഴും ഇവിടമാകെ അലയടിക്കുന്നുണ്ട്…
ഗുഹാജീവിതത്തിന്റെ ശിലാജീവിതവുമായി സഞ്ചരിച്ച അവർ അറിയുന്നുണ്ടാകുമോ നൂറ്റാണ്ടുകൾക്കുശേഷം അതേ കാൽപ്പാദങ്ങളെ പിൻതുടർന്നു നടക്കുന്നവരുടെ കഥകൾ…