ഫ്ളോറിഡ: 2023 ലീഗ്സ് കപ്പ് ഫുട്ബോളിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിൽ 3-1ന് ഒർലാന്റോ സിറ്റിയെ തോൽപ്പിച്ച് ഇന്റർ മയാമി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
7, 72 മിനിറ്റുകളിലായിരുന്നു ലയണൽ മെസിയുടെ ഗോളുകൾ. ഇതോടെ ഇന്റർ മയാമിക്കായി ലയണൽ മെസി മൂന്നു മത്സരത്തിൽനിന്ന് അഞ്ചു ഗോൾ സ്വന്തമാക്കി. എന്നാൽ, ഇതെല്ലാം അവിടെ നിൽക്കട്ടെ…
യൂറോപ്യൻ ക്ലബ് പോരാട്ടത്തിൽനിന്ന് അമേരിക്കയിലെത്തിയ ലയണൽ മെസിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗോളോ, റിക്കാർഡോ അല്ല…
ഗോളിനുശേഷം നടത്തുന്ന ആഹ്ലാദപ്രകടനങ്ങളാണ്. അമേരിക്കയിലെത്തിയ മെസി ഇപ്പോൾ ‘മാർവൽ കോമിക്സ്’ കഥാപാത്രങ്ങളെയാണു കളത്തിൽ അനുകരിക്കുന്നത്.
ഡിസ്നി പബ്ലിഷിംഗിന്റെ കൈവരിയായ മാർവൽ കോമിക്സ് സിനിമാ കഥാപാത്രങ്ങളുടെ ആംഗ്യങ്ങളാണു ഗോളടിക്കുശേഷം മെസി മൈതാനത്ത് നടത്തുന്നതെന്നതാണു ശ്രദ്ധേയം.
ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അത്ലാന്റ യുണൈറ്റഡിനെതിരേ ഇരട്ട ഗോൾ നേടിയ മത്സരത്തിലായിരുന്നു മെസിയുടെ ആദ്യ മാർവൽ ആംഗ്യം. മാർവൽ ഇറക്കിയ ‘തോർ’ സിനിമയിലെ ‘ഹോൾഡ് മൈ ബിയർ’ ആംഗ്യമായിരുന്നു അന്നു മെസി നടത്തിയത്.
റൗണ്ട് ഓഫ് 32ൽ ഒർലാന്റോ സിറ്റിക്കെതിരേ ഇരട്ട ഗോൾ നേടിയ മെസി, ‘ബ്ലാക് പാന്തർ: വഖാണ്ട ഫോറെവർ’ എന്ന മാർവൽ സിനിമയിലുള്ള ഇരു കൈയും നെഞ്ചോടു കുറുകെ ചേർത്തുവയ്ക്കുന്ന ആംഗ്യമായിരുന്നു നടത്തിയത്. ലീഗ്സ് കപ്പ് പ്രീക്വാർട്ടറിൽ എഫ്സി ഡാളസാണ് ഇന്റർ മയാമിയുടെ അടുത്ത എതിരാളി.
ജഴ്സി റിക്കാർഡ്
ലയണൽ മെസിയുടെ ഇന്റർ മയാമി ജഴ്സി വില്പന, ഒരു കായികതാരത്തിന്റെ ജഴ്സി വില്പനയുടെ ആദ്യ 24 മണിക്കൂറിലെ സർവകാല റിക്കാർഡ് കുറിച്ചിരുന്നു. 2021ൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സി വിറ്റഴിഞ്ഞ റിക്കാർഡാണു മെസി തകർത്തത്.
ഇതുവരെ പുറത്തിറക്കിയ മെസിയുടെ ജഴ്സി മുഴുവൻ വിറ്റഴിഞ്ഞെന്നും പുതിയ സെറ്റിനായി ഒക്ടോബർവരെ കാത്തിരിക്കണമെന്നും അഡിഡാസ് ഔദ്യോഗികമായി അറിയിച്ചു.