മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രസവ വാർഡിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരിക്കു ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ക്രൂരമർദനം.
ആശുപത്രി സുരക്ഷാജീവനക്കാരിയായ ബിബിതയ്ക്കാണ് യുവാവിന്റെ മർദനത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സ്ത്രീകളുടെ വാർഡിലേയ്ക്ക് ഡോക്ടർമാരുടെ പരിശോധനാ സമയത്ത് പുരുഷൻമാർക്കു മാത്രമല്ല മറ്റാർക്കും പ്രവേശനം ഇല്ലെന്നിരിക്കെ ഇയാൾ വാർഡിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു.
വാർഡിന്റെ ചുമതലയിലുണ്ടായിരുന്ന ബിബിത തടഞ്ഞപ്പോഴായിരുന്നു മർദനം. ബന്ധുവിനെ കാണനാണെന്നു പറഞ്ഞെത്തിയ ഇയാൾ സുരക്ഷാ ജീവനക്കാരിയെ തള്ളി മാറ്റി അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ബിബിതയെ ആളുകൾ നോക്കി നിൽക്കെ മർദിച്ചു. മറ്റു സുരക്ഷാ ജീവനക്കാർ എത്തിയാണ് ബിബിതയെ രക്ഷിച്ചത്.