സുൽത്താൻ ബത്തേരി: രണ്ട് സ്ഥലത്ത് മരത്തിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. ആദ്യ സംഭവം ഇന്നലെ രാവിലെ 8.40 ഓടെയാണ്.
മുത്തങ്ങക്കടുത്ത് കല്ലൂർ ചുണ്ടക്കരയിൽ 40 അടി ഉയരമുള്ള പ്ലാവിൽ ചപ്പ് വെട്ടാൻ കയറിയതായിരുന്നു 40കാരനായ ചുണ്ടക്കര ബേബി.
വീടിനുസമീപമുള്ള സുഹൃത്തിന്റെ തോട്ടത്തിലെ പ്ലാവിലാണ് കയറിയത്. പ്ലാവിന്റെ മുകളിലെത്തിയ ബേബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ബോധം നഷ്ടപ്പെടാൻ തുടങ്ങി. രക്ഷപ്പെടുത്താനായി കയറിയ പ്രദേശവാസിയായ 38കാരനായ ഷൈജു മരത്തിൽ കയറി ബേബിയെ താങ്ങിപ്പിടിച്ചു.
ഇരുവരും അര മണിക്കൂറോളം സമയം മരത്തിൽ കുടുങ്ങി. പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്ന് സേനാഗംങ്ങളെത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ഇരുവരെയും കയറുകൊണ്ടുണ്ടാക്കിയ കൊട്ടയിൽ താഴെയിറക്കുകയായിരുന്നു.
രണ്ടാമത്തെ സംഭവം രാവിലെ 9.40ഓടെ പാപ്ലശേരി അഴീക്കോടൻ നഗറിലായിരുന്നു. ബന്ധുവിന്റെ 25 അടിയോളം ഉയരം വരുന്ന പ്ലാവിൽ ചക്കയിടാൻ കയറിയതായിരുന്നു പാപ്ലശേരിയിലെ 46കാരനായ മനോജ്.
തലകറങ്ങുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് വീഴാതിരിക്കാൻ മുണ്ടുകൊണ്ട് ശരീരം പ്ലാവിൽ ചുറ്റിക്കെട്ടി. പിന്നീട് ആളുകളെ വിളിക്കുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി സാഹസികമായി തന്നെ മനോജിനേയും താഴെയിറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പി.കെ. ഭരതൻ, എൻ. ബാലകൃഷ്ണൻ, എൻ.വി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ജിജുമോൻ, കെ.എസ്. മോഹനൻ,
എൻ.എസ്. അനൂപ്, സജീവൻ, ധനീഷ്കുമാർ, വിനീത്, അഖിൽ രാജ്, അജിൽ, ബേസിൽ, അനുറാം, രഞ്ജിത്ത്ലാൽ, കെ.സി. പൗലോസ്, ഫിലിപ്പ് ഏബ്രഹാം,
കെ. സിജു, സുജേയ് ശങ്കർ, കീർത്തിക് കുമാർ, അനുറാം, പി.കെ. ശശീന്ദ്രൻ, ഷിനോജ് ഫ്രാൻസീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.