മെൽബണ്‍: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയയിൽ നിന്നും മലയാളി കുടുംബം നാടുകടത്തൽ ഭീഷണിയിൽ. മലയാളിയായ മനു-സീന ദന്പതികൾക്കാണ് ഈ ദുർവിധിയുണ്ടായിരിക്കുന്നത്. ഇവരുടെ മൂന്ന് വയസുകാരിയായ മകൾ മേരി ജോർജ് നാഡീവ്യൂഹത്തിന് തകരാറുമായാണ് ജനിച്ചത്. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുണ്ടായിട്ടും കുട്ടി ഓസ്ട്രേലിയയിൽ തുടരുന്നത് ശല്യമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കുടുംബത്തോട് നാടുവിടാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്.
അഡ്ലെയ്ഡിലെ പാരാഹിൽസിൽ താമസിക്കുന്ന കുടുംബം ജൂണ്‍ അവസാനത്തോടെ ഓസ്ട്രേലിയ വിടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മനുവും സീനയും ഓസ്ട്രേലിയയിൽ നഴ്സായി ജോലി ചെയ്യുന്നവരാണ്. 2011-ൽ സ്റ്റുഡന്റ് വീസയിൽ ഓസ്ട്രേലിയയിൽ എത്തിയ മനു വിവാഹശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് വർഷം മുൻപ് ഓസ്ട്രേലിയയിൽ വച്ചാണ് മേരി ജനിക്കുന്നത്. ജനനം മുതൽ ആരോഗ്യവതിയല്ലായിരുന്ന കുട്ടി ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് ഫിസിയോതെറാപ്പിയും ചികിത്സകളും തുടരുന്നതിനിടെയാണ് കുട്ടിയെയുംകൊണ്ട് നാടുവിടാൻ അധികൃതർ ഉത്തരവിട്ടത്. മേരിയെക്കൂടാതെ ദന്പതികൾക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്.
വിഷയം ഇമിഗ്രേഷൻ മന്ത്രി പീറ്റർ ഡുട്ടണ്‍ അറിഞ്ഞെങ്കിലും ഇടപെടാൻ വിസമ്മതിച്ചു. പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ ഇടപെടാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇത്രയധികം മണിക്കൂർ വിമാനയാത്ര കഴിഞ്ഞ് ഇന്ത്യയിലെത്തുന്പോൾ തങ്ങളുടെ മകൾ ജീവിച്ചിരിക്കുമോ എന്ന് തന്നെ മാതാപിതാക്കൾക്ക് ഭയമുണ്ട്. മാത്രമല്ല, ഓസ്ട്രേലിയയിൽ കുഞ്ഞിന് നൽകി വരുന്ന ചികിത്സകൾ മുടങ്ങുകയും ചെയ്യും. ജോലി ഉപേക്ഷിച്ച് കുഞ്ഞുമായി നാട്ടിലേക്ക് പോയാൽ ജീവിതം തന്നെ വഴിമുട്ടുമെന്ന് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്റെ അഭ്യർഥന.