ഞാന്‍ പരിശീലിച്ച കായികയിനമോ കരാട്ടെയോ പോലും ആ സമയത്ത് അവനെ പിടിക്കാന്‍ എന്നെ സഹായിച്ചില്ല! തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ വെളിപ്പെടുത്തി, ബോക്‌സിംഗ് താരം മേരി കോം മക്കള്‍ക്കെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാവുന്നു

ഇന്ത്യന്‍ കായിക രംഗത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ച്, വനിതകള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമായി ലോകത്തിന്റെ നെറുകയില്‍ ചവിട്ടി നില്‍ക്കുകയാണിപ്പോള്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോം. പകരം വയ്ക്കാനില്ലാത്ത കായികതാരം മാത്രമല്ല, തികഞ്ഞ അച്ചടക്കത്തില്‍ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന, അതിനായി പരിശ്രമിക്കുന്ന ഒരമ്മ കൂടിയാണ് മേരി കോം എന്ന് പലര്‍ക്കുമറിയാം.

ബോക്‌സിംഗില്‍ ഏറ്റവും കൂടുതല്‍ തവണ ലോകചാമ്പ്യനാവുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കുമ്പോഴും ഉത്തമയായ ഒരമ്മയാവാനാണ് തന്റെ മനസ് കൂടുതല്‍ വെമ്പുന്നതെന്ന് മൂന്ന് മക്കളുടെ അമ്മ കൂടിയായ അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്.

അതിന് തെളിവാകുന്നതാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മൂന്ന് മക്കള്‍ക്കായി മേരി എഴുതി പുറത്തുവിട്ട ഒരു കത്ത്. ഓരോ മാതാപിതാക്കളും മക്കളെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യങ്ങളാണ് മേരി അതില്‍ വ്യക്തമാക്കിയിരിക്കുന്നതും. ബോക്‌സിംഗിലെ നേട്ടം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മേരി അന്നെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. വളരെ പ്രത്യേകിച്ച് സ്ത്രീസമത്വം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്.

2016ല്‍ മക്കളെ അഭിസംബോധന ചെയ്ത് മേരികോം എഴുതിയ കത്തിങ്ങനെ:-

പ്രിയപ്പെട്ട മക്കളെ,

നമുക്ക് മാനഭംഗത്തെക്കുറിച്ച് സംസാരിക്കാം, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമണങ്ങളെക്കുറിച്ച് സംസാരിക്കാം. ഓരോ ദിവസവും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ട്, ആക്രമിക്കപ്പെടുന്നുണ്ട്. എന്റെ മക്കളെ, നിങ്ങളില്‍ മൂത്തവന് 9 നും രണ്ടാമത്തെ കുഞ്ഞുങ്ങള്‍ക്ക് 3 ഉം വയസ്സുവീതമാണ് പ്രായം.

സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിക്കേണ്ട ശരിയായ പ്രായമാണിത്. നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട് എന്നു തുറന്നു പറഞ്ഞുകൊണ്ട് നമുക്കു സംസാരിച്ചു തുടങ്ങാം. ആദ്യത്തെ സംഭവമുണ്ടായത് മണിപ്പൂരില്‍ വച്ചാണ്. രണ്ടാമത്തെ സംഭവം നടന്നത് ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരിക്കുമ്പോഴും.

ബോക്‌സിങ് പോലെയൊരു കായികയിനം അറിയാമായിരുന്നിട്ടുപോലും ഇങ്ങനെ സംഭവിച്ചല്ലോ എന്നോര്‍ത്താല്‍ ഞെട്ടലുണ്ടാകുമെന്നെനിക്കറിയാം. ബോക്‌സിങ് പരിശീലനത്തിനായി ട്രെയിനിങ് ക്യാംപിലേക്ക് പോകുകയായിരുന്നു ഞാന്‍. രാവിലെ 8.30 ആയിക്കാണും. സൈക്കിള്‍ റിക്ഷായില്‍ യാത്രചെയ്തിരുന്ന എന്റെയരികിലേക്ക് വന്നൊരാള്‍ പെട്ടന്ന് എന്റെ മാറില്‍ പിടിച്ചിട്ട് ഓടിമറഞ്ഞു.

ദേഷ്യത്താല്‍ അപ്പോള്‍ത്തന്നെ ഞാന്‍ റിക്ഷയില്‍ നിന്ന് ചാടിയിറങ്ങി കാലില്‍ കിടന്ന ചെരുപ്പു വലിച്ചൂരി അക്രമിയുടെ പിന്നാലെ പാഞ്ഞു. പക്ഷേ അയാള്‍ രക്ഷപെട്ടു. ഞാന്‍ പരിശീലിച്ച കായികയിനമോ കരാട്ടെയോ പോലും ആ സമയത്ത് അവനെ പിടിക്കാന്‍ എന്നെ സഹായിച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ നിരാശയായി.

അന്നെനിക്ക് 17 വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ 33 വയസ്സുണ്ട്. എന്റെ മെഡല്‍ നേട്ടത്തിന്റെ പേരില്‍ ലോകം എന്നെ അറിയുന്നുണ്ട്. പക്ഷേ അതിനൊപ്പം ഒരു സ്ത്രീയായിക്കൂടി ബഹുമാനിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. എത്ര ഉയരങ്ങള്‍ താണ്ടിയാലും ചില പുരുഷന്മാര്‍ വെറും ശരീരാവയവങ്ങള്‍ മാത്രമായാണ് സ്ത്രീകളെ കാണുന്നത്. പ്രിയപ്പെട്ട മക്കളെ, നിങ്ങള്‍ എപ്പോഴും ഒരു കാര്യം ഓര്‍ക്കണം.

നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും രണ്ടു കണ്ണുകളും ഒരു മൂക്കുമാണുള്ളത്. ശരീരത്തിലെ ചില ഭാഗങ്ങള്‍ക്ക് മാത്രമാണ് വ്യത്യാസങ്ങളുള്ളത്. എല്ലാ പുരുഷന്മാരെയും പോലെ തലച്ചോറുപയോഗിച്ചു തന്നെയാണ് ഞങ്ങളും ചിന്തിക്കുന്നത്, മനസ്സുകൊണ്ടാണ് വികാരങ്ങളെ അറിയുന്നത്. മാറിടത്തിലും നിതംബത്തിലും സ്പര്‍ശിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല. ഇത്തരം അനുഭവങ്ങളാണ് എനിക്കും കൂട്ടുകാര്‍ക്കും ഡല്‍ഹിയില്‍ വച്ച് നേരിടേണ്ടി വന്നത്.

ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചോ, പുറത്തിറങ്ങേണ്ടി വരുന്ന സമയത്തെക്കുറിച്ചോ സ്ത്രീകള്‍ക്ക് പേടിയോടെ ഓര്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. അനുവാദമില്ലാതെ സ്ത്രീ ശരീരങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ എന്ത് ആഹ്ലാദമാണ് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ വലുതാകുമ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്.

സ്ത്രീകളെ അപമാനിക്കുന്നതും മാനഭംഗം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനില്‍ കുറ്റമാണ്. ഏതെങ്കിലും പെണ്‍കുട്ടിയെ ആരെങ്കിലും പരിഹസിക്കുന്നതായി കണ്ടാല്‍ നിങ്ങള്‍ അവരെ സഹായിക്കണം. ഏറ്റവും വിഷമകരമായ സംഗതി എന്താണെന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കാത്ത വിധത്തിലായിക്കഴിഞ്ഞിരിക്കുന്നു നമുടെ സമൂഹം എന്നതാണ്. ആരെങ്കിലും സഹായിക്കാനുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് ഒരു പെണ്‍കുട്ടി കുത്തേറ്റ് മരിക്കില്ലായിരുന്നു.
ാമൃ്യസീാളശഹലുശര

സ്ത്രീകള്‍ക്ക് ബഹുമാനം കല്‍പ്പിക്കുന്ന, അവരെ സമന്മാരായി കാണുന്ന ഒരു വീട്ടിലാണ് നിങ്ങള്‍ വളരുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അച്ഛന്മാരെപ്പോലെ ഓഫിസ് ജോലിക്കു പോകുന്ന ഒരാളല്ല നിങ്ങളുടെ അച്ഛന്‍. കാരണം ഞങ്ങളിലൊരാള്‍ക്ക് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായാലേ പറ്റൂ. പരിശീലനവും ജോലിയും കഴിഞ്ഞ്, ഇപ്പോള്‍ എംപിയായ ശേഷം പ്രത്യേകിച്ച് ഏറെ നേരം ഞാന്‍ ചിലവഴിക്കുന്നത് വീടിനു പുറത്താണ്.

നിങ്ങളുടെ അച്ഛനോടെനിക്കേറെ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സമയം എനിക്കായും നമുക്കെല്ലാവര്‍ക്കുമായാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്. വീട്ടച്ഛന്‍ എന്ന വാക്ക് അധികം വൈകാതെ നിങ്ങള്‍ കേള്‍ക്കും. ഓര്‍ക്കുക, അതൊരു മോശം വാക്കല്ല. അദ്ദേഹമെന്റെ കരുത്താണ്, എന്റെ പങ്കാളിയാണ്, എന്റെ ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്ന ആളാണ്.

Related posts