എത്ര പ്രഗത്ഭനായ ഷെഫ് തയാറാക്കിയ ഭക്ഷണമാണെങ്കിലും സ്വന്തമായി പാചകം ചെയ്യുന്ന ഭക്ഷണത്തോടാണ് താത്പര്യം! ആരോഗ്യത്തിന്റെ രഹസ്യം ബഹുഭൂരിപക്ഷം ആളുകളും വെറുക്കുന്ന വിഭവം; ഭക്ഷണശീലങ്ങള്‍ വെളിപ്പെടുത്തി ബോക്‌സിംഗ് താരം മേരി കോം

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാന താരമാണ് മേരി കോം. കൊണ്ടും കൊടുത്തും രാജ്യത്തിനുവേണ്ടി അവര്‍ മെഡലുകള്‍ വാരിക്കൂട്ടുകയും ചെയ്യുകയാണ്. എന്നാല്‍ ഇടിക്കാന്‍ മാത്രമല്ല അടുക്കളയിലും പയറ്റിത്തെളിഞ്ഞ വ്യക്തിയാണ് താനെന്നാണ് മേരി കോം പറയുന്നത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേരി കോം ഇക്കാര്യം വെളിപ്പെടുത്തിയത്.

പാചകത്തിലുള്ള തന്റെ താത്പര്യത്തെയും വൈദഗ്ധ്യത്തെയും കുറിച്ചാണ് മേരി കോം പറഞ്ഞിരിക്കുന്നത്. അതിനെല്ലാം ഉപരിയായി താരത്തിന്റെ ഇഷ്ടവിഭവത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വീട്ടില്‍നിന്ന് മാറി നില്‍ക്കുമ്പോള്‍ ഏറ്റവും മിസ് ചെയ്യുന്നത് ഭക്ഷണമാണെന്ന് താരം പറയുന്നു. മാത്രമല്ല താന്‍ നല്ലൊരു കുക്ക് ആണെന്നും അന്യനാട്ടില്‍ കിട്ടുന്ന ഭക്ഷണം തന്റെ പാചകപ്പുരയില്‍ പരീക്ഷിക്കുമെന്നും മേരി പറഞ്ഞു.

അമ്മയാണ് പാചകത്തില്‍ ഗുരു. എല്ലാ കായിക താരങ്ങള്‍ക്കും ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഇഷ്ടമുള്ളതൊക്കെ കഴിക്കും. ഏറ്റവും രുചിയേറിയ വിഭവങ്ങളുടെ പറുദീസ ചൈനയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോക്‌സിങ് ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് അന്യനാട്ടിലാണെങ്കില്‍ ചൈനീസ് വിഭവങ്ങളാണ് കൂടുതല്‍ പ്രിയം.

ഏതു നാട്ടിലാണെങ്കിലും അവിടുത്തെ ഭക്ഷണവും രീതികളുമൊക്കെ മനസിലാക്കും. എത്ര വലിയ മാസ്റ്റര്‍ ഷെഫ് കുക്ക് ചെയ്താലും തന്റെ ഏറ്റവും ഇഷ്ട വിഭവങ്ങള്‍ വരുന്നത് തന്റെ അടുക്കളയില്‍നിന്നുതന്നെയാണെന്നാണ് മേരിയുടെ വാദം. ഇതിനായി സ്വന്തം അടുക്കളത്തോട്ടംപോലും മേരിക്കുണ്ട്. അവിടെ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നുണ്ട്. വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ. സ്വന്തംനാടായ മണിപ്പൂരിന്റെ തനത് ഭക്ഷണത്തോടാണ് മേരിക്ക് കൂടുതല്‍ പ്രേമം.

എന്‍ങ അറ്റോയിബ തോങ്ബ എന്ന മീന്‍ കറിയാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം. മീന്‍ നന്നായി ഉടച്ചെടുത്ത വിഭവമാണിത്. മീന്‍ കൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമായ ചാമ്തോങ്ങാണ് മറ്റൊരു ഇഷ്ടവിഭവം. ഉണക്കിയെടുത്ത മീന്‍കൊണ്ടുണ്ടാക്കുന്ന ഒരു കറിയാണിത്.

ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പട്ടിയിറച്ചിക്ക് ഒരു സ്ഥാനമുണ്ടെന്നാണ് മേരിയുടെ പ്രധാന വാദം. എത്രയൊക്കെ ഭക്ഷണം വാരികോരി കഴിച്ചാലും വ്യായാമത്തില്‍ മേരി മുന്‍പന്തിയിലാണ്. രാവിലെയുള്ള പതിവ് വ്യായാമങ്ങള്‍ക്ക് മുമ്പ് ലഘു സ്നാക്ക്സ്. പരിശീലനം കഴിഞ്ഞാലുടന്‍ പ്രാതല്‍. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചഭക്ഷണം. അത്താഴം എട്ടിനും ഒമ്പതിനുമിടയില്‍ കഴിച്ചിരിക്കും. വ്യത്യസ്ത തരം പഴച്ചാറുകളോടാണ് താല്‍പര്യം. കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാല്‍ നിര്‍ബന്ധം. മല്‍സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ഏറെ എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കും.

Related posts