ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രി മറിയം നവാസിനെ കള്ളപ്പണക്കേസിൽ എൻഎബി ടീം അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് കോട്ലാക്പത് ജയിലിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചു മടങ്ങുന്പോഴായിരുന്നു അറസ്റ്റ്. ചൗധരി ഷുഗർ മിൽ കേസിൽ മറിയത്തെയും കസിൻ യൂസഫ് അബ്ബാസിനെയും കസ്റ്റഡിയിലെടുത്തെന്ന് എൻഎബി പത്രക്കുറിപ്പിറക്കി.
വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും മറിയത്തിനെതിരേ കേസുണ്ടെന്ന് എൻഎബി അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും വൈദ്യപരിശോധനയ്ക്കു ശേഷം ഇന്ന് ലാഹോറിലെ എൻഎബി കോടതിയിൽ ഹാജരാക്കും.
കാഷ്മീർ വിഷയത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റപ്പെടുത്തി മറിയം നവാസ് പ്രസ്താവന പുറപ്പെടുവിച്ചതിന്റെ പിറ്റേന്നാണ് അറസ്റ്റ്. ഇമ്രാനെ അധികാരത്തിൽ പ്രതിഷ്ഠിച്ചതിന് സൈന്യത്തെയും മറിയം കുറ്റപ്പെടുത്തി.