വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനപ്രിയന് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് ജയസൂര്യ. ജയസൂര്യ മുഖ്യകഥാപാത്രമായി എത്തിയ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ട്രാന്‍സ് സെക്ഷ്വല്‍ ആയ വ്യക്തിയെ ആണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.
ആണായി ജീവിച്ച ശേഷം തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയ മേരിക്കുട്ടിയുടെ കഥ ട്രാന്‍സ് ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചയാണ് എന്നാണ് പൊതു അഭിപ്രായം. ചിത്രീകരണ സമയത്ത് തന്നെ ജയസൂര്യയുടെ ഗെറ്റപ്പിനാല് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വളരെ മികച്ച നിരൂപണങ്ങളുമായി മേരിക്കുട്ടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പെണ്ണായി മാറാന്‍ സഹായിച്ച ഒന്നുരണ്ടാളുകള്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യ. ചിത്രത്തിനായി തന്നെ പെണ്ണാക്കി മാറ്റിയതില്‍ തന്റെ ഭാര്യ സരിത വഹിച്ച പങ്ക് ചെറുതല്ലെന്നാണ് ജയസൂര്യ തുറന്ന് സമ്മതിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജയസൂര്യയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…
എന്നെ സ്ത്രീയാക്കിയതില്‍, എന്റെ സ്ത്രീയ്ക്കും ഉള്ള പങ്ക് നിസ്സാരമല്ല. എന്റെ പ്രാന്ത് മനസ്സിലാക്കുകയും, അതുപോലെ തന്നെ മേരിക്കുട്ടിയെയും മനസ്സിലാക്കി അവളെ ഒരുക്കിയ നിനക്കും. ഒപ്പം മേക്കപ്പ് മാന്‍ റോണക്സിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.