ബെയ്ജിംഗ്: ചൈനയ്ക്കെതിരേ സൗഹൃദ മത്സരത്തിൽ സമനില നേടി ഇന്ത്യ നടത്തിയ പ്രകടനം ചെന്നുകൊണ്ടത് ഇറ്റാലിയൻ പരിശീലകനായ മാഴ്സലോ ലിപ്പിയുടെ ഹൃദയത്തിൽ. കാരണം റാങ്കിംഗിൽ താഴെയുള്ള ഇന്ത്യയോട് സമനില വഴങ്ങിയതിനെത്തുടർന്ന് ലിപ്പിയുടെ രാജിക്കായുള്ള ആവശ്യം ശക്തമായിരിക്കുന്നു എന്നതുതന്നെ.
തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് മാഴ്സലോ ലിപ്പിയുടെ ടീം ഗോളടിക്കാതെ പതറുന്നത്. റാങ്കിംഗിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോട് ചൈന ശരാശരിയിലും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതാണ് പ്രശ്നത്തിന്റെ കാരണം. ഫിഫ റാങ്കിംഗിൽ ചൈന 76ഉം ഇന്ത്യ 97ഉം സ്ഥാനങ്ങളിലാണ്.
ചൈനയിലെ വിവിധ മാധ്യമങ്ങളും ആരാധകരും ലിപ്പിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ജനുവരിയിൽ ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിനു മുന്പുതന്നെ ഇറ്റാലിയൻ പരിശീലകനെ ഒഴിവാക്കണമെന്നാണ് ആവശ്യം.
ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളാണ് ലിപ്പി.ലോകകപ്പും യുവേഫ ചാന്പ്യൻസ് ലീഗും എഎഫ്സി ചാന്പ്യൻസ് ലീഗും നേടിയ ഒരേയൊരു പരിശീലകനുമാണ്. ലിപ്പിയുടെ കീഴിൽ 19 മത്സരങ്ങളിൽനിന്നു വെറും ഏഴു ജയങ്ങൾ സ്വന്തമാക്കിയ ചൈന 2018ൽ നാലു മത്സരങ്ങളിൽ മാത്രമാണു ഗോൾ നേടിയത്.
അതേസമയം, ഇന്ത്യയുടെ പ്രകടനത്തെ ചൈനീസ് മാധ്യമങ്ങൾ പ്രശംസിച്ചു. ഗോളി ഗുർപ്രീത്, പ്രതിരോധതാരം സന്ദേശ് ജിംഗൻ എന്നിവരുടെ പ്രകടനത്തെ ഉജ്വലമെന്നാണ് വിശേഷിപ്പിച്ചത്.
കോണ്സ്റ്റന്റൈനെതിരേ ഛേത്രി
ന്യൂഡൽഹി: ചൈനയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ വീരോചിത സമനില നേടിയ ഇന്ത്യൻ ടീമിനെ ഫുട്ബോൾ ആരാധകർ പ്രകീർത്തിക്കുന്നതിനിടെ അസുഖകരമായ ചില വാർത്തകൾ പുറത്ത്. സ്ട്രൈക്കർ സുനിൽ ഛേത്രിയടക്കമുള്ള ചില മുതിർന്ന താരങ്ങൾ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോണ്സ്റ്റന്റൈനെതിരേ തിരിച്ചതായി സൂചന.
കോണ്സ്റ്റന്റൈനെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ ആശയങ്ങൾ ആവശ്യമാണെന്ന കാരണമാണ് ഇവർ നിരത്തുന്നത്. ചൈനയ്ക്കെതിരായ മത്സരത്തിൽ ഛേത്രിക്കു പകരം സന്ദേശ് ജിങ്കനെയാണ് കോണ്സ്റ്റന്റൈൻ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയിച്ചത്. പരിശീലകന്റെ ആശയങ്ങൾ കളത്തിൽ നടപ്പാക്കുന്നവനാണ് ക്യാപ്റ്റൻ എന്ന് അന്ന് കോണ്സ്റ്റന്റൈൻ പറയുകയും ചെയ്തു.
ഛേത്രിയുടെ പടനീക്കം ബംഗളൂരു എഫ്സി മുൻ പരിശീലകനായ ആൽബർട്ട് റോക്കയ്ക്കുവേണ്ടിയാണെന്നും അഭ്യൂഹമുണ്ട്. റോക്ക ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, 2019 ഏഷ്യൻ കപ്പ് വരെയാണ് കോണ്സ്റ്റന്റൈനുമായുള്ള കരാർ.