കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഏപ്രില്‍ രണ്ടിന് ഹാജരായില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇഡി). ഇക്കാര്യം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതുവരെ പരിശോധിച്ച രേഖകളില്‍ നിന്ന് മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന സംശയമുണ്ട്. നിരന്തരം സമന്‍സ് അവഗണിച്ച് ഇഡി മുമ്പാകെ ഹാജരാവാതെ ഒഴിഞ്ഞു മാറുന്നത് നിയമം പാലിക്കുന്ന പൗരന്റെ നടപടിക്ക് യോജിച്ചതല്ല. ഈ സാഹചര്യത്തില്‍ സമന്‍സ് നടപ്പാക്കാന്‍ ഇഡി ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഇഡി ഏഴാമത് അയച്ച സമന്‍സില്‍ ഏപ്രില്‍ രണ്ടിന് തോമസ് ഐസക്ക് ഇഡിക്കു മുന്നിലെത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജനുവരി 12ന് തോമസ് ഐസക്കിന് സമന്‍സ് അയച്ചത്. നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ അദേഹം അസൗകര്യം അറിയിച്ചു.
വീണ്ടും 18ന് സമന്‍സ് അയച്ചു. 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഹാജരായില്ല. വീണ്ടും ഫെബ്രുവരി 13നും മാര്‍ച്ച് 12നും സമന്‍സ് അയച്ചു. ഇത്തരത്തില്‍ ഏഴാം തവണയാണ് ഇഡി ഇന്നലെ വീണ്ടും സമന്‍സ് അയച്ചത് .
തോമസ് ഐസക്കിന്റെ ഉപഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍
ഇഡിയുടെ പുതിയ സമന്‍സിനെതിരേ തോമസ് ഐസക്ക് വീണ്ടും ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ സമീപിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് താനെന്നും ഹര്‍ജിയില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കിഫ്ബി നല്‍കിയിട്ടുണ്ടെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നും അദേഹം ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.