ഫാക്ടറി റെയ്ഡിൽ വ്യാജ മസാലകൾ പിടികൂടി. ഡൽഹി കാരവാൾ നഗറിലാണ് സംഭവം. മായം ചേർത്ത 15 ടണ്ണോളം വരുന്ന മസാലകളാണ് പോലീസ് പിടികൂടിയത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഫാക്ടറികൾ കേന്ദ്രീകരിച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതിൽ നിന്നാണ് വ്യാപകമായി മസാലകളിൽ മായം ചേർക്കുന്നത് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മായം ചേർത്ത ഈ മസാലകൾ ചെറുകിട വിപണിയിൽ വിതരണം ചെയ്യുകയും യഥാർഥ ഉത്പന്നത്തിന്റെ അതേ വിലയിൽ വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ദിലീപ് സിംഗ്, ഖുർസീദ് മാലിക്, സർഫരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ദിലിപ് സിംഗാണ് മായം ചേർത്ത മസാലകളുണ്ടാക്കുന്ന യൂണിറ്റിന്റെ ഉടമ. ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഖുർസീദ് മാലിക്കാണ്.
വ്യാജ ഉത്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന മരപ്പൊടി, ചീഞ്ഞ ഇലകൾ, അരി, ആസിഡുകൾ, കാലാവധി കഴിഞ്ഞ ധാന്യങ്ങൾ എന്നിവ ഫാക്ടറികൾ കേന്ദ്രീകരിച്ച് നടന്ന റെയ്ഡിൽ പിടിച്ചെടുത്തതായി ക്രൈം ബ്രാഞ്ച് ഡി.സി.പി രാകേഷ് പവേരിയ പറഞ്ഞു. വ്യാജ മസാലകൾ വിവിധതരം ബ്രാൻഡുകളുടെ പേരിലാണ് വിൽക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷാവിഭാഗം സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും കൂടുതൽ സാംപിളുകൾ ശേഖരിച്ചതായും രാകേഷ് പവേരിയ വ്യക്തമാക്കി.