കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഡോ. ടി.എം. തോമസ് ഐസകിന്റെയും കിഫ്ബിയുടെയും വാദം കേള്‍ക്കും. ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, അരവിന്ദ് പി ദത്താര്‍ എന്നിവരാണ് കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി ഹാജരാകുന്നത്. തീരുമാനമെടുക്കുന്നത് കിഫ്ബി തന്നെയാണെന്നും വൈസ് ചെയര്മാന് എന്ന നിലയില്‍ ധനമന്ത്രിക്ക് പങ്കില്ലെന്നുമാണ് കിഫ്ബി നല്കിയ സത്യവാങ്മൂലം.
നേരത്തെ അഞ്ച് തവണ സമന്‍സ് നല്‍കിയിട്ടും ഡോ. ടി.എം. തോമസ് ഐസക് ഹാജരായിരുന്നില്ല. കേസ് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും തെളിവുണ്ടാക്കാനാണ് അന്വേഷണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇഡിക്ക് വേണ്ടി ഹാജരാകും.