തിരൂർ: മസാലബോണ്ടിൽ ഒരു കുഴപ്പവുമില്ലെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി തിരൂരിൽ പറഞ്ഞു. പലിശയടക്കമുള്ള കാര്യങ്ങളിൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കന്പനിയാണ് സിഡിപിക്യു. 21ലക്ഷം കോടി രൂപ ആസ്തിയുള്ള കന്പനിയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും അവർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ നാട് എന്നും ഇതുപോലെ വികസനപദ്ധതികളില്ലാതെ നിൽക്കണമെന്ന് വാശിപിടിക്കുന്നവരാണ് ഇതിനെതിരെ രംഗത്തുള്ളതെന്നും പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണ് കിഫ്ബി വിവാദമെന്നും മസാലബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് വികസനത്തിനാണെന്നും വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്തെല്ലാം പ്രശ്നങ്ങളും തടസങ്ങളും വിവാദങ്ങളുമുണ്ടായാലും വികസനം തടയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.