കൊച്ചി: മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ നിയമലംഘനമുണ്ടെന്ന കേസിലാണ് ഇഡി അഞ്ചാമതും നോട്ടീസ് നല്‍കിയത്. ബോണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി 13-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് നാലു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ വൈസ് ചെയര്മാന് സ്ഥാനം താന്‍ വഹിച്ചിരുന്നതെന്നാണ് തോമസ് ഐസക്ക നേരത്തെ ഇഡിയെ അറിയിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ബോണ്ടിറക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അന്നത്തെചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയുമുള്പ്പെടെ ബോണ്ട് ഇറക്കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ എതിര്ത്തുന്നു. എന്നാല്‍ തോമസ് ഐസക്കാണ് ബോണ്ട് ഇറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വിട്ട ഇഡി ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് തോമസ് ഐസക്ക് വഹിച്ചിരുന്നുവെന്നും തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തിലില്ലെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്നും ഇഡി പറയുന്നു.