മസാലനബോ മോജാജി എന്ന പന്ത്രണ്ടുകാരിക്ക് പതിനെട്ട് തികയുന്നതും കാത്തിരിക്കുകയാണ് ബാലബേഡു എന്ന ഗോത്രവിഭാഗം. ആകാശങ്ങളിൽ വാഴുന്ന മഴദേവതയായും ഭാവിസുരക്ഷിതയാക്കുന്ന രാജ്ഞിയായും അവൾ അന്ന് മാറുമെന്നാണ് ഈ ഗോത്രസമൂഹത്തിന്റെ വിശ്വാസം.
നോവലോ ചലച്ചിത്രരംഗമോ അല്ലിത്. ദക്ഷിണാഫ്രിക്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ലിംപോപ്പോയിലാണ് ഈ കുട്ടിദേവതയും അവളുടെ തണലിൽ ജീവിക്കുന്ന ജനവിഭാഗവും അധിവസിക്കുന്നത്. നൂറ്റാണ്ടുകളായി രാജ്ഞിമാരാൽ ഭരിക്കപ്പെടുന്നവരാണ് ബാലബേഡു ഗോത്രവർഗക്കാർ. 18 വയസാകുന്പോഴാണ് ഗോത്രാചാരപ്രകാരം രാജ്ഞിയുടെ സ്ഥാനാരോഹണം. രാജ്ഞിവിഭാഗത്തിലെ ഇളംമുറക്കാരിയാണ് മോജാജി-അടുത്ത രാജ്ഞി… അമ്മരാജ്ഞി മരണമടഞ്ഞതോടെയാണ് ഈ പന്ത്രണ്ടുകാരിയെത്തേടി കിരീടയോഗമെത്തിയത്.
ഗോത്രവർഗമാണെങ്കിലും അത്രയ്ക്ക് അപരിഷ്കൃതരൊന്നുമല്ല ഈ വിഭാഗം. പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ് ഭൂരിഭാഗവും. ഭാവിയിൽ രാജ്ഞിയാകാനുള്ള മോജാജിയും സ്കൂളിൽ പോകുന്നുണ്ട്. സ്കൂൾ യൂണിഫോമും അണിഞ്ഞ് കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിക്കുന്ന അവൾ വീട്ടിലെത്തിയാൽ ആളാകെ മാറും. സ്കൂൾ കുട്ടിയുടെ വേഷവും ഭാവവുമൊക്കെ അഴിച്ചുവച്ച് പരന്പരാഗത വസ്ത്രങ്ങൾ അണിയും. അധികാരചിഹ്നങ്ങളായ മാലയും തളയുമെല്ലാം ആ കൊച്ചുറാണിയുടെ ആഭരണങ്ങളാണ്. പിന്നെ കളിയോ ചിരിയോ ഇല്ല. പുറംദേശക്കാരെ കാണുന്നതും അന്യരോടു സംസാരിക്കുന്നതുപോലും വിരളം. എന്നാൽ, ഇതൊന്നും തന്നെ അസ്വസ്ഥതപ്പെടുത്തുന്നില്ലെന്നാണ് മോജാജി പറയുന്നത്.
കരീടധാരണം നടക്കുന്നതോടെ മോജാജിക്കു ദിവ്യശക്തികൾ കൈവരുമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു. മഴദേവതയുടെ അവതാരമായി അവൾ മാറുമത്രേ! ബാലബേഡു ഗോത്രക്കാർ അധിവസിക്കുന്ന പ്രദേശം കൊടിയ വരൾച്ച നേരിടുന്പോഴെല്ലാം റാണിയുമൊത്ത് പ്രത്യേക പ്രാർഥന നടത്തുന്ന പതിവ് ഈ ഗോത്രക്കാർക്കുണ്ട്. മൃഗബലിയും സമൂഹ നൃത്തവുമൊക്കെയായാണ് പ്രാർഥന. പ്രത്യേക ദിവസങ്ങളിൽ നടത്തുന്ന ഈ പ്രാർഥനയ്ക്കുശേഷം മഴദേവത പ്രസാദിച്ച് മഴ പെയ്യുമെന്നും ഇവർ കരുതുന്നു. സർക്കാർ അംഗീകരിച്ച വിഭാഗമായതിനാൽ ബലബേഡു ഗോത്രവർഗക്കാരുടെ റാണിക്ക് പ്രത്യക ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
അതേസമയം, രാജ്ഞിയായി സുഖിച്ചു ജീവിക്കാൻ മോജാജിക്കു ഉദേശ്യമില്ല. പഠിച്ചു ഡോക്ടറാവുകയെന്നതാണത്രേ ഈ ഇളമുറരാജ്ഞിയുടെ സ്വപ്നം.