കൊച്ചി: മാസപ്പടിക്കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൈയിൽ ലഭിച്ചതായി സൂചന. കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടില്‍നിന്ന് ഇഡിക്ക് നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ ഇഡി ശശിധരന് കര്‍ത്തയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡി ഇന്നലെ ഉച്ചയോടെ ആലുവ പറവൂര്‍ കവലയിലെ “ശ്രീവത്സം’ വീട്ടിലെത്തി ശശിധരന് കര്‍ത്തയെ ചോദ്യം ചെയ്തത്.
ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശിധരന് കര്‍ത്ത സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം.ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു കര്‍ത്തയെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനിടെ വീട്ടിൽനിന്നു നിര്‍ണായക രേഖകള്‍ കസ്റ്റഡിയിലെടുത്തെന്നാണു പുറത്തുവരുന്ന വിവരം.
ചോദ്യം ചെയ്യല്‍ തുടരുന്നു
അതേസമയം സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവര്‍ ഇന്നും ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ ഹാജരായി. എക്സാലോജിക്കുമായുള്ള കരാര്‍ രേഖകള്‍ സിഎംആര്‍എല്‍ ഇന്നലെയും ഇഡിക്ക് കൈമാറിയില്ല.
എക്സാലോജിക്കുമായുള്ള സാമ്പത്തിക കരാര്‍ രേഖകള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഐടി സെറ്റില്‍മെന്റിന്റെ ഭാഗമായുള്ളവയാണ് ഇതെന്നും കൈമാറാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
എക്സാലോജിക്കിന്റെ സോഫ്റ്റ് വെയര്‍ ഡവലപ്പ്മെന്റ് മെയ്ന്റനനന്സുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടയാളാണ് പി. സുരേഷ്കുമാര്‍. കമ്പനി എംഡി സി.എന്‍ ശശിധരന് കര്‍ത്തയുടെ കമ്പനി സെക്രട്ടറി കൂടിയായ സുരേഷ്കുമാറാണ് കമ്പനിയുടെ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ജീവനക്കാരെ 24 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രണ്ട് പേരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.