കോഴിക്കോട്: കഞ്ചാവു കേസുകൾ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി. കുന്നമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് പിടിയിലായത്.
പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനു നേരം ആക്രമണം നടന്നു. നിരവധി പോലീസുകാർക്ക് പരിക്കേറ്റു.
ജൂൺ ഒന്നിന് ഉച്ചക്ക് ചേവായൂരിലെ പ്രസന്റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വച്ച് ദേഹോപദ്രവം ഏല്പ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന 9 1/4 സ്വർണാഭരണം കവർച്ച ചെയ്തു കൊണ്ടു പോയ കേസിലും ഫെബ്രുവരി 10ന് മെഡിക്കൽ കോളജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് യുവതികളുടെതടക്കം ഏകദേശം 13 പവൻ സ്വർണാഭരണങ്ങൾ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഊരി വാങ്ങുകയും പിടിച്ചു പറിച്ചെടുക്കുകയും ചെയ്ത കേസിലേയും പ്രതിയാണ്.
ഇവിടെ അലമാരയിൽ സൂക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും മറ്റും എടുത്തുകൊണ്ടുപോയിരുന്നു.
2016 ൽ ഫറോക്ക് പോലീസ് പത്തു കിലോ കഞ്ചാവുമായും 2018 ൽ കുന്നമംഗലം പോലീസ് അഞ്ച് കിലോയോളം കഞ്ചാവുമായും പിടികൂടിയിരുന്നു.
നിരവധി കഞ്ചാവു കേസുകളും കവർച്ച കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ടുതവണ പോലീസിന്റെ പിടിയിൽ നിന്നു വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
കട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള ഒരു കല്യാണ വീട്ടിൽ പ്രതി വരാൻ സാധ്യത ഉണ്ടെന്നു മനസിലാക്കിയ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇങ്ങനെ കല്യാണ വീട്ടിലേക്ക് വരുന്ന വഴിയേ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെ പ്രതിയെ സാഹസികമായി പിടികൂടുകയാരുന്നു. ഈ സമയം പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും പോലീസിനെ ആക്രമിച്ചു.
ആറോളം പോലീസുകാർക്ക് ഗുരുതരമായ പരിക്കുണ്ട്. പ്രതിയെ കീഴ്പ്പെടുത്തി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതി ഇവിടെ നിന്ന് ഇറങ്ങിയോടി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപ്പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മെഡിക്കൽ കോളജ് എസ്ഐമാരായ രമേഷ് കുമാറിന്റെയും വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു.
സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ എം. സജി, എസ്പിഒമാരായ അഖിലേഷ്, കെ.എ. ജോമോൻ, സിപിഒമാരായ എം. ജീനേഷ് , എം. മിഥുൻ, അർജുൻ അജിഞ്ഞ്, കെ. സുനോജ്, എം. ജിനീഷ്, പി. സായൂജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.