ന്യൂഡൽഹി: പേരിനെ അന്വർഥമാക്കി കലാപത്തീയിലും ഉലയാതെ മതമൈത്രി കാത്തുസൂക്ഷിച്ച് മന്ദിർ-മസ്ജിദ് മാർഗ്. നൂർ ഇ ഇലാഹിയിലെ മന്ദിർ-മസ്ജിദ് മാർഗാണ് വർഗീയ കലാപത്തിനെ ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ നേരിട്ട് രാജ്യത്തിന് മാതൃകയായത്.
ഹിന്ദുക്കൾ മുസ്ലിം വീടിനും പള്ളിക്കും മുസ്ലിംകൾ ഹിന്ദു കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും സുരക്ഷയൊരുക്കിയാണ് കലാപത്തെ നേരിട്ടത്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം തങ്ങളുടെ തൊട്ടടുത്ത് മൗജ്പുരിൽ എത്തിയതായി അറിഞ്ഞ് നൂർ ഇ ഇലാഹിയും ജാഗരൂകരായി. ഉടൻതന്നെ ഹിന്ദു-മുസ്ലിം യുവാക്കൾ സംഘടിച്ച് തങ്ങളുടെ ലെയ്നു കാവൽ നിന്നു.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മന്ദിർ-മസ്ജിദ് മാർഗിലെ ഇടുങ്ങിയ ലെയ്നിൽ മീറ്ററുകളുടെ വ്യത്യാസത്തിൽ ക്ഷേത്രവും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. കലാപം ആളിക്കത്തിയതോടെ ഹിന്ദുക്കൾ മുസ്ലിം പള്ളിക്കും മുസ്ലിംകൾ ക്ഷേത്രത്തിനും കാവലായി.
പതിറ്റാണ്ടുകളായി ഈ പ്രദേശം സാമുദായിക ഐക്യത്തിന് പേരുകേട്ടതാണ്. മുസ്ലിംകളുടെ അസിസിയ പള്ളിയും ഹനുമാൻ ക്ഷേത്രവും സമീപത്തായാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ ഹിന്ദു-മുസ്ലിം കുടുംബങ്ങൾ കൂടിക്കുഴഞ്ഞാണ് കഴിയുന്നത്. ഞായറാഴ്ച സമീപപ്രദേശങ്ങളിലെ അക്രമങ്ങളെക്കുറിച്ച് അറിഞ്ഞതോടെ രണ്ട് സമുദായങ്ങളിലേയും മൂപ്പൻമാർ യോഗം വിളിച്ചു.
തങ്ങളുടെ പ്രദേശത്ത് കലാപത്തിന് ഇടം കൊടുക്കരുതെന്ന് അവർ തീരുമാനിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ വേർതിരിവില്ല.
ഞങ്ങളുടെ ബാല്യം ക്ഷേത്രത്തിലും പള്ളിയിലുമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് പ്രദേശവാസിയായ ഫൈസാൻ പറയുന്നു. ഈ ഐക്യത്തിന്റെ പാരമ്പര്യം നിലനിർത്തുമെന്ന് മറ്റൊരു പ്രദേശവാസിയായ സുനിൽ കുമാർ ഉറച്ചുപറഞ്ഞു.
തങ്ങൾക്ക് പരസ്പരം വളരെയധികം വിശ്വാസമുണ്ട്. കലാപത്തിൽ പരിക്കേറ്റ കുറച്ച് ആളുകൾ ചികിത്സയ്ക്കായി ഇവിടെ വന്നു. അവർ ഉപദ്രവിക്കപ്പെടില്ലെന്ന് അവർക്ക് ഉറപ്പുണ്ട്.
അതുകൊണ്ടാണ് അവർ ഇവിടെയെത്തിയത്. അവരുടെ പരിക്കുകൾ മരുന്നുവച്ച് കെട്ടിയ ശേഷം വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ഈ ഐക്യത്തിന്റെ പാരമ്പര്യം നിലനിർത്തുമെന്ന് സുനിൽ കുമാർ കൂട്ടിച്ചേർത്തു.
മന്ദിർ-മസിജ് മാർഗിനു സമീപമുള്ള കോളനിയിൽ നിരവധി വീടുകളും ഒരു പെട്രോൾ പമ്പും അഗ്നിക്കിരയാക്കുന്നതിൽനിന്ന് കലാപകാരികളെ തടഞ്ഞതായും പ്രദേശവാസികൾ പറഞ്ഞു.