തൃശൂർ: പത്തുമാസം ചുമന്നില്ലെങ്കിലും നൊന്തുപ്രസവിച്ചില്ലെങ്കിലും നെഞ്ചിൽ കടലോളം സ്നേഹവുമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ പിതാവിനെ മക്കൾക്കു മറക്കാനാവില്ല. ഇന്നു ലോക പിതൃദിനം.
ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുങ്കരയിൽ 70 “മക്കൾ’ സ്വന്തമായുള്ള ഒരാളുണ്ട്-മാഷങ്കിൾ എന്നു സ്നേഹത്തോടെ വിളിക്കുന്ന കെ.എൽ. ജേക്കബ് മാസ്റ്റർ.
ചാലക്കുടി ഐടിഐ പ്രിൻസിപ്പലായി 1998-ൽ വിരമിച്ച ഈ എൻജിനീയറിംഗ് ബിരുദധാരിക്കു തൊണ്ണൂറുകളുടെ ആരംഭത്തിലുണ്ടായ ഉൾവിളിയാണ് ജീവിത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതും ദിവ്യകാരുണ്യാശ്രമത്തിനു തുടക്കം കുറിച്ചതും.
1999 ഡിസംബർ രണ്ട്-അന്ന് വ്യാഴാഴ്ചയായിരുന്നു. ജേക്കബ് മാസ്റ്റർക്കൊരു ഫോണ്‍കോൾ വന്നു. അങ്ങേത്തലയ്ക്കൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ജോളി ചെറിയാൻ.
“മാഷേ, മൂന്നുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ചാലക്കുടി സർക്കാർ ആശുപത്രി ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയിട്ടുണ്ട്. മാഷൊന്ന് ഏറ്റെടുക്കാമോ.’ മാസ്റ്റർ ഒട്ടും മടിച്ചില്ല. അവിടെയെത്തി. ടർക്കിതുണിയിൽ പൊതിഞ്ഞ ആ കുഞ്ഞിനെ അദ്ദേഹം കൈയിൽ വാങ്ങുമ്പോൾ ഓമനത്തം തുളുമ്പുന്ന ആ മുഖത്തു പാൽപുഞ്ചിരി നിറഞ്ഞിരുന്നു.
പത്രപ്പരസ്യം ചെയ്തെങ്കിലും ആ കുരുന്നിനെത്തേടി ആരും എത്തിയില്ല. ക്രിസ്തുജയന്തി വർഷം വലിയ ആഘോഷത്തോടെ നടക്കുന്ന സമയമായതിനാൽ അദ്ദേഹം അവൾക്കു പേരിട്ടു- ജയന്തി. ഇന്നവൾ പ്ലസ്ടുവിനു പഠിക്കുന്നു. ഇതുപോലെ അഞ്ചിനും 20 നും ഇടയിൽ പ്രായമുള്ള 64 പേർ മാഷങ്കിളിന്റെ ദിവ്യകാരുണ്യാശ്രമത്തിലുണ്ട്.
യാതൊരു സർക്കാർ ധനസഹായവുമില്ലാതെ ഒരു സ്ഥാപനം എങ്ങനെ നടത്തിക്കൊണ്ടുപോകുന്നു? എല്ലാം ഈശ്വരാധീനമെന്നാണ് മാഷിന്റെ പക്ഷം.
മനസിൽ നന്മയുള്ളവരുള്ളതിനാലാണ് യാതൊരു മുട്ടുമില്ലാതെ ഈ “വലിയ കുടുംബം’ മുന്നോട്ടുപോകുന്നതെന്ന് ഈ അപ്പച്ചൻ പറയുന്നു.
സെബി മാളിയേക്കൽ