ബാങ്കിടപാടിന് മഷി അടയാളം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; ബിനാമികള്‍ വഴി കള്ളപ്പണം മാറിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി

mashiന്യൂഡല്‍ഹി: ബാങ്കില്‍ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാന്‍ മഷി അടയാളം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.

മഷി അടയാളം എന്നു മുതല്‍ തുടങ്ങുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടിയന്തരമായി തന്നെ ഇക്കാര്യവും തുടങ്ങുമെന്നാണ് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്.അസാധുവായ നോട്ടുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് കള്ളപ്പണക്കാര്‍ മാറ്റിവാങ്ങുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് അടിയന്തര നടപടി. ആരാധനാലയങ്ങള്‍ അവരുടെ നേര്‍ച്ചപണം ബാങ്കില്‍ നിക്ഷേപിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജന്‍ധന്‍ നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തം അക്കൗണ്ടുകളെക്കുറിച്ച് ധാരണ വേണമെന്നും മറ്റുള്ളവരെ കൊണ്ട് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related posts