പയ്യന്നൂർ: ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ബോൾപോയിന്റ് പേന സംസ്കാരത്തിനു പകരം മഷിപ്പേന സംസ്കാരം തിരിച്ചു പിടിക്കാനുള്ള ശ്രമവുമായി മാത്തിൽ മാത്തിൽ എം.വി.എം കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികളും അധ്യാപകരും. നവകേരള മിഷന്റെ ഭാഗമായ ഹരിത കേരളം പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഉപയോഗ ശേഷം വലിച്ചെറിയുന്ന ബോൾപോയിന്റ് പേന മാലിന്യത്തിൽ നിന്നും വിദ്യാലയത്തെയും സമൂഹത്തെയും മുക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ കുട്ടികളും ഇനി മഷിപ്പേന ഉപയോഗിക്കാനും തീരുമാനിച്ചു. ഡിവൈഎഫ്ഐ ആലപ്പടമ്പ ഈസ്റ്റ് മേഖലാ കമ്മറ്റിയാണ് ഹരിതാക്ഷരം പരിപാടിയുടെ ഭാഗമായി സ്ക്കൂളിലെ വിദ്യാർഥികൾക്കു മഷിപ്പേന സമ്മാനിച്ചത്. ടി.വി രാജേഷ് എം.എൽഎ മഷിപേന വിതരണം ഉദ്ഘാടനം ചെയ്തു.
വി.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.കെ സനോജ്, എം.അരുൺ, പി.പി.സിദിൻ, ഇ. വി. ജയാനന്ദ്, പി. ശശിധരൻ, മുഖ്യാധ്യാപിക ഐ.സി. ജയശ്രി, പ്രിൻസിപ്പൽ എം.വി ശ്രീനിവാസൻ, പി.ടി.എ പ്രസിഡന്റ് ടി.കെ ഗോവിന്ദൻ കുട്ടി, പി. അജിത്ത്, കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.