പറവൂർ: മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 12നായിരുന്നു സംഭവം.
തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ച് കവർച്ച നടത്തിയത്.കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്ന് വർഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്താണു മഷിനോട്ടം നടത്തുന്നത്.
ഇന്നലെ വീട്ടിലേക്കു കയറിവന്ന രണ്ട് പേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്നു ചോദിച്ചു.
താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നു വിജയൻ പറഞ്ഞപ്പോൾ ഭാര്യയേയും കൂട്ടി വരാമെന്നും വിസിറ്റിംഗ് കാർഡ് വേണമെന്നും വന്നയാൾ ആവശ്യപ്പെട്ടു.
വിസിറ്റിംഗ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ വന്നവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ചു വിജയന്റെ വായ മുടിക്കെട്ടിയശേഷം എന്തോ ദ്രാവകം മണപ്പിച്ചു ബോധം കെടുത്തി.
തുടർന്നു മാല, കൈ ചെയിൻ, രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കൊണ്ടുപോയി.
ഒരു മണിക്കൂറിനു ശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ്പ് വരെ പോലീസ് നായ ഓടിയെത്തിയെങ്കിലും തിരികെപോന്നു.